അർജന്റീനക്കെതിരെ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിന്റെ വേദിയുടെ കാര്യത്തിൽ ആവശ്യമുന്നയിച്ച് ബ്രസീൽ. റിപ്പോർട്ടുകൾ പ്രകാരം നേരത്തെ മാറ്റി വെച്ച ലോകകപ്പ് യോഗ്യത മത്സരം ഓഷ്യാനിയ മേഖലയിൽ വെച്ചു നടത്തണം എന്ന ആവശ്യം ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ഉന്നയിച്ചുവെന്ന് ഇഗ്നേഷ്യോ മാർക്കാനോ റിപ്പോർട്ടു ചെയ്‌തു.
കഴിഞ്ഞ വർഷമാണ് ബ്രസീലും അർജന്റീനയും തമ്മിലുള്ള ലോകകപ്പ് യോഗ്യത മത്സരം ആരംഭിച്ച് അഞ്ചു മിനുട്ടിനകം തന്നെ നിർത്തിവെച്ചത്. ഇംഗ്ലണ്ടിൽ നിന്നും വന്ന അർജന്റീന താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബ്രസീലിലെ ആരോഗ്യപ്രവർത്തകർ മൈതാനത്തെത്തി മത്സരം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ ഫിഫ അന്വേഷണം നടത്തുകയും കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച നാല് അർജന്റീന താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്‌തു. തുടർന്നാണ് ജൂണിൽ സൗത്ത് അമേരിക്കക്കു പുറത്തു വെച്ച് മത്സരം നടത്താൻ ഫിഫ തീരുമാനിച്ചത്.
മത്സരം സൗത്ത് അമേരിക്കക്കു പുറത്തു വെച്ചു നടത്താൻ തീരുമാനമായെങ്കിലും വേദി എവിടെയാണെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓഷ്യാനിയ മേഖലയിലുള്ള ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലൊന്നിൽ മത്സരം നടത്താൻ ബ്രസീൽ ആവശ്യം ഉന്നയിച്ചത്.
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ നിലവിൽ പതിനഞ്ചു മത്സരങ്ങൾ വീതം പൂർത്തിയാക്കി ബ്രസീൽ ഒന്നാമതും അർജന്റീന രണ്ടാമതുമാണ് നിൽക്കുന്നത്. ജൂണിൽ നടക്കുന്ന മത്സരത്തിനു പുറമെ ബാക്കിയുള്ള രണ്ടു മത്സരങ്ങൾ ഈ മാസമാണ് നടക്കുക.