ആരാധകരെ ആവേശത്തിലാറാടിക്കുന്ന പോരാട്ടങ്ങൾ ഉറപ്പു നൽകി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. കഴിഞ്ഞ സീസണിലെ ചാമ്പ്യൻ ടീമായ ചെൽസിക്ക് റയൽ മാഡ്രിഡിനെയാണ് ക്വാർട്ടർ ഫൈനലിൽ എതിരാളികളായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് പകരം വീട്ടാൻ റയലിനുള്ള സുവർണാവസരമാണിത്.
ക്വാർട്ടർ ഫൈനലിലെ മറ്റൊരു പ്രധാനപ്പെട്ട പോരാട്ടം നിലവിലെ പ്രീമിയർ ലീഗ് ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയും സ്‌പാനിഷ് ലീഗ് ജേതാക്കളായ അത്ലറ്റികോ മാഡ്രിഡും തമ്മിലാണ്. ഇതിനു പുറമെ സ്‌പാനിഷ് ക്ലബായ വിയ്യാറയൽ ബയേൺ മ്യൂണിക്കിനെയും പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക ലിവർപൂളിനെയും നേരിടും.
ആദ്യത്തെ രണ്ടു ക്വാർട്ടർ ഫൈനൽ മത്സരങ്ങളാണ് കൂടുതൽ കടുപ്പമേറിയ പോരാട്ടങ്ങൾ. മറ്റു രണ്ടെണ്ണത്തിൽ ബയേൺ മ്യൂണിക്ക്, ലിവർപൂൾ എന്നിവർക്ക് കൂടുതൽ മുൻതൂക്കമുള്ളപ്പോൾ ആദ്യത്തെ രണ്ടു ക്വാർട്ടർ മത്സരങ്ങൾ അപ്രവചനീയമാണ്. ആദ്യത്തെ രണ്ടു ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ വിജയിച്ച ടീമുകൾ ആദ്യ സെമിയിൽ ഏറ്റു മുട്ടുമ്പോൾ രണ്ടാം സെമിയിൽ അവസാനത്തെ രണ്ടു ക്വാർട്ടർ പോരാട്ടങ്ങളിലെ വിജയികൾ പോരാടും.
ഏപ്രിൽ ഏഴിനാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരങ്ങൾ നടക്കുക. അതിനു ശേഷം രണ്ടാം പാദം ഏപ്രിൽ പതിനാലിന് ആരംഭിക്കും. ഏപ്രിൽ ഇരുപത്തിയെട്ടിന് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുമ്പോൾ മെയ് അഞ്ചിന് നടക്കുന്ന ഫൈനൽ ജേതാക്കളെ തീരുമാനിക്കും.