കീവ് : റഷ്യ പിടിച്ചെടുത്ത യുക്രൈൻ നഗരങ്ങളിൽ നിന്ന് എട്ട് മാനുഷിക ഇടനാഴികളിലൂടെ ആളുകൾ പലായനം ചെയ്‌തെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്ക് പറഞ്ഞു. മൊത്തം 6,623 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 4,128 പേരെ മരിയോപോളിൽ നിന്ന് വടക്കുപടിഞ്ഞാറുള്ള സപ്പോരിജിയയിലേക്ക് കൊണ്ടുപോയി. അതേസമയം തുറമുഖ നഗരമായ മരിയോപോളിൽ റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
ശനിയാഴ്ചയുണ്ടായ കനത്ത പോരാട്ടത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റുകളിൽ ഒന്ന് റഷ്യൻ സേന പിടിച്ചെടുത്തതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. കൂടുതൽ വിദേശ സഹായം ആവശ്യമാണെന്ന് പ്രാദേശിക അധികാരികൾ അഭ്യർത്ഥിച്ചു. അതിനിടെ, മരിയോപോളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ റഷ്യൻ സൈന്യം നിർബന്ധിതമായി നാടുകടത്തിയതായി മരിയോപോളിലെ സിറ്റി കൗൺസിൽ ആരോപിച്ചു.