മൺട്രിയോൾ : യു എസിലെ സാൾട്ട് ലേക്ക് സിറ്റിക്ക് സമീപമുള്ള പർവതത്തിലുണ്ടായ ഹിമപാതത്തിൽ കനേഡിയൻ പൗരൻ മരിച്ചതായി യൂട്ടാ അധികൃതർ അറിയിച്ചു. സ്നോബോർഡിങിനിടെ കാണാതായ കെബെക്ക് സ്വദേശി ഡേവിഡ് എഥിയറുടെ (38) മൃതദേഹം ചൊവ്വാഴ്ച കണ്ടെടുത്തതായി സാൾട്ട് ലേക്ക് കൗണ്ടി ഷെരീഫ് ഓഫീസ് റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച മിൽക്രീക്ക് കാന്യോൺ പ്രദേശത്ത് എഥിയർ സ്പ്ലിറ്റ്ബോർഡിങ് നടത്തുകയായിരുന്നു. എന്നാൽ ഹിമപാതത്തിനിടെ ഇദ്ദേഹത്തെ കാണാതായതായി സാൾട്ട് ലേക്ക് കൗണ്ടി ഡെപ്യൂട്ടി അർലാൻ ബെന്നറ്റ് പറയുന്നു. ഞായറാഴ്ച വൈകിട്ട് ഡേവിഡ് എഥിയറുടെ നായയെ കണ്ടെത്തിയതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചതായും പിന്നീട് അദ്ദേഹത്തിൻ്റെ കാർ ട്രയൽഹെഡിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വരെ രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ചൊവ്വാഴ്ചയും തുടർന്ന കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനെ ബാധിച്ചതായി അർലാൻ ബെന്നറ്റ് പറയുന്നു.