ഓട്ടവ : പ്രവിശ്യയുടെ മേൽനോട്ടത്തിലുള്ള ഒമ്പത് മയക്കുമരുന്ന് ഉപഭോഗ കേന്ദ്രങ്ങൾ ഉടൻ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ഒൻ്റാരിയോ ആരോഗ്യ മന്ത്രാലയം. ടൊറൻ്റോ, ഓട്ടവ, ഹാമിൽട്ടൺ, കിച്ചനർ, ഗ്വൽഫ്, തണ്ടർ ബേ എന്നിവിടങ്ങളിലാണ് ഹോംലെസ്സ്‌നെസ് ആൻ്റ് അഡിക്ഷൻ റിക്കവറി ട്രീറ്റ്‌മെൻ്റ് (ഹാർട്ട്) ഹബ്ബുകളായി മാറ്റാൻ അംഗീകരിച്ച കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളുടെയും ലൈസൻസുള്ള ശിശു സംരക്ഷണ കേന്ദ്രങ്ങളുടെയും 200 മീറ്ററിനുള്ളിലാണ് ഈ സൈറ്റുകൾ നിലവിൽ ഉള്ളത്. 2025 മാർച്ച് 31-ന് ഇവ പ്രവർത്തനക്ഷമമാകും. കൂടാതെ അതേ തീയതിയിൽ സ്‌കൂളുകൾക്കും ഡേകെയർ സൈറ്റുകൾക്കും സമീപമുള്ള മറ്റ് ഉപഭോഗ സൈറ്റുകൾ അടച്ചിടുകയും ചെയ്യും.
സ്കൂളുകൾക്ക് സമീപമുള്ള മയക്കുമരുന്ന് ഉപഭോഗ കേന്ദ്രങ്ങൾ സർക്കാർ നിരോധിക്കുമെന്നും ഭാവിയിൽ പുതിയവ തുറക്കാൻ അനുവദിക്കില്ലെന്നും പ്രവിശ്യ ഡെപ്യൂട്ടി പ്രീമിയറും ആരോഗ്യമന്ത്രിയുമായ സിൽവിയ ജോൺസ് പ്രഖ്യാപിച്ചിരുന്നു. ഒമ്പത് പുതിയ ചികിത്സാ കേന്ദ്രങ്ങളിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കമ്മ്യൂണിറ്റികളെ സുരക്ഷിതമായി നിലനിർത്താനാണ് ലക്ഷ്യമിടുന്നതെന്ന് സിൽവിയ ജോൺസ് കൂട്ടിച്ചേർത്തു.
പ്രവിശ്യയിലുടനീളം മൊത്തത്തിൽ 19 പുതിയ ഹാർട്ട് ഹബുകൾ ആരംഭിക്കുന്നതിന് പ്രവിശ്യ സർക്കാർ 37 കോടി 80 ലക്ഷം ഡോളർ നിക്ഷേപിച്ചിരുന്നു. ഇതുവഴി മയക്കുമരുന്നുപയോഗം കുറക്കുന്നതിനും, ഇതുവഴിയുള്ള മരണനിരക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.