ന്യൂജേഴ്‌സി: അമേരിക്കയിലെ ഏറ്റവും ജനപ്രിയ സാഹിത്യ പുരസ്‌കാരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഫൊക്കാന സാഹിത്യ പുരസ്‌കാരത്തിനുള്ള രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18 ലേക്ക് നീട്ടി.
കോവിഡ് മഹാമാരിമൂലം പ്രിന്‍റിംഗ്, ഗതാഗതം തുടങ്ങിയവയില്‍ നേരിടേണ്ടി വരുന്ന കാലതാമസം മൂലം പലര്‍ക്കും രചനകളുടെ പുസ്തകങ്ങള്‍ ലഭ്യമായിട്ടില്ല. ഇതേ തുടര്‍ന്നു പുസ്തകങ്ങള്‍ എത്തിക്കുവാന്‍ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന എഴുത്തുകാരുടെ അഭ്യര്‍ഥന മാനിച്ചാണ് ഏപ്രില്‍ 18ലേക്ക് നീട്ടുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ അറിയിച്ചു.
2022 ജൂലൈ 7 മുതല്‍ 10 വരെ ഒര്‍ലാണ്ടോയിലെ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടലില്‍ ഫൊക്കാന ഗ്ലോബല്‍ ഡിസ്‌നി കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക ചടങ്ങിലാണ് മലയാള സാഹിത്യത്തിലെ വിവിധ ശാഖകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സാഹിത്യ കൃതികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.
നോവല്‍, ചെറുകഥ, കവിത, നിരൂപണം, ലേഖനം, യാത്രാവിവരണം, തര്‍ജ്ജമ, ആത്മകഥ, ജീവിതാനുഭവങ്ങള്‍ (ജീവിതാനുഭവ നേര്‍ക്കാഴ്ചകള്‍), ബാലസാഹിത്യം, ആംഗലേയ സാഹിത്യം, ഹാസ്യ സാഹിത്യം , നവ മാധ്യമം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.
പതിവിനു വിപരീതമായി ഇത്തവണ വടക്കെ അമേരിക്കയിലും കാനഡയിലുമുള്ള എഴുത്തുകാരില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. മുന്‍കാലങ്ങളില്‍ ഫൊക്കാന സാഹിത്യ പുരസ്കാരത്തിന്‍റെ എന്‍ട്രി ആഗോള തലത്തിലായിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പരിമിതികള്‍ മൂലം ഇത്തവണ അവാര്‍ഡ് എന്‍ട്രി വടക്കേ അമേരിക്കയിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ സാഹിത്യ അവര്‍ഡ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നുവെന്ന് ബെന്നി കുര്യന്‍ പറഞ്ഞു.
1982 ല്‍ ഫൊക്കാന രൂപം കൊണ്ടതു മുതല്‍ ആരംഭിച്ച ഫൊക്കാനയുടെ സാഹിത്യ പുരസ്‌കാരങ്ങള്‍ ഇന്നു ലോകം മുഴുവനുമുള്ള മലയാള സാഹിത്യ പ്രേമികളുടെ അംഗീകരമേറ്റു വാങ്ങിയതാണ്. മലയാളത്തിലെ പ്രധാനപ്പെട്ട സാഹിത്യ പുരസ്‌കാരങ്ങളുടെ ശ്രേണിയില്‍ വരെ എത്തി നില്‍ക്കുന്ന ഫൊക്കാന സാഹിത്യ പുരസ്ക്കാരത്തിന് മലയാളത്തിലെ മണ്മറിഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടനവധി പ്രശസ്തരായ സാഹിത്യകാരന്മാര്‍ അര്‍ഹരായിട്ടുണ്ട്.