കീവ് : തിങ്കള്‍ അര്‍ധരാത്രിയോടെ കീഴടങ്ങണമെന്ന അന്ത്യശാസനം നിരാകരിച്ചതോടെ യുക്രെയ്ന്‍ തുറമുഖ നഗരം മരിയൂപോളില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ.
ചൊവ്വാഴ്ച നഗരത്തില്‍ രണ്ടിടത്ത് ബോംബിട്ടു. ഒരാഴ്ചയ്ക്കിടെ നഗരത്തിലെ തിയറ്റര്‍, ആര്‍ട്ട് സ്കൂള്‍ എന്നിവയും മറ്റ് പൊതുസ്ഥാപനങ്ങളും തകര്‍ത്തു. നഗരത്തില്‍ ഇപ്പോഴും ലക്ഷങ്ങള് ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുകയാണെന്ന് ഇറ്റാലിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.മാര്‍പാപ്പയുമായി സംസാരിച്ച സെലെന്‍സ്കി സമാധാന ശ്രമങ്ങള്‍ക്ക് മാധ്യസ്ഥം വഹിക്കണമെന്ന് ആവശ്യപ്പെട്ടു.
മരിയൂപോളിന്റെ പാതിയും കൈയടക്കിയെന്നും ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി. മരിയൂപോളില്‍ യുക്രെയ്ന്‍ മാധ്യമപ്രവര്‍ത്തകനെ റഷ്യന്‍ പട്ടാളം അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കീവ് അതിര്‍ത്തിയിലുള്ള തന്ത്രപ്രധാന മേഖലയായ മകരിവ് തിരികെ പിടിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. കീവിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലകളായ ബുഷ, ഹോസ്തോമല്‍, ഇര്‍പിന്‍ മേഖലകള്‍ റഷ്യ ഭാഗികമായി പിടിച്ചെടുത്തു.
യുദ്ധത്തില്‍ ഇതുവരെ 953 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് യുഎന്‍ കണക്ക്. റഷ്യക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്നും പുടിന്‍ പ്രതിരോധത്തിലായെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
യുഎസുമായി നയതന്ത്ര ബന്ധം വിച്ഛേദിക്കുമെന്ന് റഷ്യഅമേരിക്കയുമായുള്ള ബന്ധം വിള്ളലിന്റെ വക്കിലെന്ന് റഷ്യ. പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ യുദ്ധക്കുറ്റവാളിയെന്ന് വിളിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നടപടിയാണ് റഷ്യയെ പ്രകോപിപ്പിച്ചത്. മോസ്കോയിലെ അമേരിക്കന്‍ സ്ഥാനപതി ജോണ്‍ സള്ളിവനെ വിളിച്ചുവരുത്തി പ്രതിഷേധം ഔദ്യോഗികമായി അറിയിച്ചു.