ടോക്കിയോ : യുഎസിൽ നിന്ന് ജപ്പാനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി ജാപ്പനീസ് പൊലീസ്. 2023 ഡിസംബറിൽ ലൊസാഞ്ചലസിൽ നിന്നും കണ്ടെയ്‌നറിൽ കയറ്റി അയച്ച വൻകിട വ്യാവസായിക യന്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് നൂറുകണക്കിന് കിലോഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെത്തിയത്. കേസിൽ കമ്പനി എക്‌സിക്യൂട്ടീവും യോകോഹാമയിൽ താമസക്കാരനുമായ കനേഡിയൻ പൗരൻ വിൻസെൻ്റ് യാറ്റ് സം യെങ്ങിനെ (38) ബുധനാഴ്ച അറസ്റ്റ് ചെയ്തതായി ടോക്കിയോ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

വിൻസെൻ്റ് യാറ്റ് സം യെങ്ങിന് കൂട്ടാളികൾ ഉണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറയുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വലിയ മില്ലിങ് മെഷീനിലാണ് മയക്കുമരുന്ന് ജപ്പാനിൽ എത്തിച്ചത്. 13 കോടി 70 ലക്ഷം ഡോളർ മൂല്യമുള്ള 1 കിലോഗ്രാം വീതമുള്ള 321 ബാഗുകളിലായി നിറച്ച ഏകദേശം 320 കിലോഗ്രാം (705 പൗണ്ട്) മെത്താംഫെറ്റാമൈനാണ് മില്ലിങ് മെഷീനിൽ കണ്ടെത്തി.