മൺട്രിയോൾ : ജീവിതച്ചെലവ് വർധനയിൽ കുഴങ്ങി കെബെക്കിലെ ബിരുദ ഗവേഷക വിദ്യാർത്ഥികൾ. വാടകയും ഗ്രോസറി സാധനങ്ങളുടെ വിലയും അടക്കം അടിസ്ഥാന ചെലവുകൾ വഹിക്കാൻ സാധിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി പ്രവിശ്യയിലെ വിദ്യാർത്ഥി സംഘടനകൾ പറയുന്നു. പല വിദ്യാർത്ഥികളും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. മറ്റു ചിലരാകട്ടെ തങ്ങളുടെ പഠനം പോലും ഉപേക്ഷിക്കുന്നു. നിലവിലെ ഈ പ്രതിസന്ധി മറികടക്കാൻ കെബെക്ക് സർക്കാർ കൂടുതൽ സാമ്പത്തിക പിന്തുണ നൽകണമെന്നും സംഘടനകൾ അഭ്യർത്ഥിച്ചു.
പരമാവധി 20 മണിക്കൂർ മാത്രമാണ് വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നത്. അതേസമയം അടിസ്ഥാന ചെലവുകൾക്കായി ഒരു വിദ്യാർത്ഥിക്ക് 30 മണിക്കൂറിലധികം ജോലി ചെയ്യേണ്ടി വരുമെന്നും വിദ്യാർത്ഥികൾ പറയുന്നു. പല ബിരുദ വിദ്യാർത്ഥികളും ഗവേഷണത്തിന് പ്രവിശ്യ നൽകുന്ന ധനസഹായമായ ബർസറി പ്രോഗ്രാമിനെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, നിലവിലെ പ്രതിസന്ധിയെ മറികടക്കാൻ ഇതും സഹായിക്കുന്നില്ലെന്നും സംഘടനകൾ അറിയിച്ചു. കെബെക്കിൻ്റെ മെറിറ്റ് അധിഷ്‌ഠിത സ്‌കോളർഷിപ്പ് തുക വർധിപ്പിക്കാൻ പ്രവിശ്യ സർക്കാർ തയ്യാറാകണമെന്നും സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റ് എറ്റിയെൻ പാരെ പറഞ്ഞു. പ്രവിശ്യാ ഗവൺമെൻ്റ് ഈ സ്കോളർഷിപ്പ് തുക 2023-ൽ വർധിപ്പിച്ചിരുന്നു. മാസ്റ്റേഴ്സ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രതിവർഷം 20,000 ഡോളറും പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 25,000 ഡോളറും നൽകുന്നുണ്ട്. എന്നാൽ, വിദ്യാർത്ഥികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത് പര്യാപ്‌തമല്ലെന്നും എറ്റിയെൻ പാരെ പറയുന്നു. അതേസമയം, ഫെഡറൽ ഗവൺമെൻ്റ് അടുത്തിടെ സ്വന്തം സ്കോളർഷിപ്പ് ഫണ്ടിങ് വർധിപ്പിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് വിദ്യാർത്ഥികൾക്കുള്ള തുക 27,000 ഡോളറായും പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് 40,000 ഡോളറായുമാണ് സ്കോളർഷിപ്പ് വർധിപ്പിച്ചത്. പ്രവിശ്യാ ഗവൺമെൻ്റ് ഈ പാത പിന്തുടരണമെന്നും എറ്റിയെൻ പാരെ അഭ്യർത്ഥിച്ചു.