ടൊറന്റോ : നോര്‍ത്ത് യോര്‍ക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ജനുവരി ഒമ്പതിന് രാവിലെ 6.50- ഓടെ കീല്‍ സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്. 67 വയസ്സുള്ള വയോധിക ഓടിച്ചിരുന്ന ചാരനിറത്തിലുള്ള 2018 മോഡല്‍ ഹ്യൂണ്ടായി സാന്റാ ഫേ വാഹനമാണ് അപകടത്തിന് കാരണമായത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് 34 വയസ്സുള്ള കാല്‍നടയാത്രക്കാരനെ വാഹനം ഇടിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാല്‍നടയാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയോധികയുടെ പേരും മറ്റു വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.