ടൊറൻ്റോ : നാല് വർഷം മുമ്പ് നഗരത്തിൽ സിറ്റി ജീവനക്കാരൻ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ കാനഡയിലെ മോസ്റ്റ് വാണ്ടഡ് പ്രതികളിലൊരാൾ അറസ്റ്റിൽ. കേസിൽ ബോലോ പ്രോഗ്രാമിൻ്റെ ടോപ്പ് 25 മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ടൊറൻ്റോ സ്വദേശി ജബ്രീൽ എൽമി (30)യാണ് സാസ്കറ്റൂണിൽ അറസ്റ്റിലായത്. 2021 സെപ്റ്റംബർ 18-ന് റീജൻ്റ് പാർക്കിൽ നടന്ന വെടിവെപ്പിൽ റീജൻ്റ് പാർക്ക് കമ്മ്യൂണിറ്റി സെൻ്ററിൽ ജോലി ചെയ്തിരുന്ന ടൊറൻ്റോ സിറ്റി ജീവനക്കാരനായ താനെ മുറെ കൊല്ലപ്പെട്ടിരുന്നു. ഓക്ക്- സുമാച്ച് സ്ട്രീറ്റുകൾക്ക് സമീപം രാത്രി ഒമ്പത് മണിയോടെ നടന്ന വെടിവെപ്പിൽ താനെ മുറെ ഉൾപ്പെടെ മൂന്ന് പേർക്ക് വെടിയേറ്റിരുന്നു.
ഈ കേസിൽ 2021 ഡിസംബർ 13-ന് നോഹ ആൻഡേഴ്സൺ, ജൂനിയർ ജഹ്മൽ ഹാർവി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. എൽമിയെ ടൊറൻ്റോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് ടൊറൻ്റോ പൊലീസ് സർവീസ് പറയുന്നു. കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ നേരിടുന്ന എൽമി, ബോലോ പ്രോഗ്രാമിൻ്റെ ടോപ്പ് 25 മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. നാലാമത്തെ പ്രതി, ടൊറൻ്റോയിൽ നിന്നുള്ള രാജാഹെൻ ആംഗസ് കാംബെൽ (22) ഒളിവിലാണ്.