ഓട്ടവ : കാനഡയ്‌ക്കെതിരായി യുഎസ് പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താൽക്കാലികമായി മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ്-കാനഡ താരിഫ് യുദ്ധത്തിനിടെ, ജസ്റ്റിൻ ട്രൂഡോ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരിഫുകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിയത്.
കാനഡ 130 കോടി ഡോളറിന്റെ അതിർത്തി സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്നും ട്രൂഡോ പറഞ്ഞു. പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിച്ച് അതിർത്തി ശക്തിപ്പെടുത്തുക, അമേരിക്കൻ പങ്കാളികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുക, ഫെന്റനൈലിന്റെ ഒഴുക്ക് തടയുന്നതിനുള്ള കാര്യങ്ങൾ വർധിപ്പിക്കുക എന്നിവയും ട്രൂഡോ ഉറപ്പ് നൽകി. അതിർത്തി സംരക്ഷിക്കുന്നതിനായി 10,000 ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.