ഓട്ടവ : കിഴക്കൻ ഒൻ്റാരിയോയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ രണ്ടു പേർ വെടിയേറ്റ് മരിച്ചു. സൗത്ത് ഗ്ലെൻഗാരിയിലെ ഓൾഡ് ഹൈവേ 2-ലുള്ള വീട്ടിൽ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. രണ്ട് പേർക്ക് വെടിയേറ്റതായി റിപ്പോർട്ട് ലഭിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിനുള്ളിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി.
മൂന്ന് പേർ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെയാണ് സംഭവത്തിന് തുടക്കം. പ്രതികളിൽ രണ്ട് പേർക്ക് വെടിയേറ്റപ്പോൾ മൂന്നാമൻ രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. വീട്ടിലെ താമസക്കാർക്ക് പരിക്കില്ലെങ്കിലും അന്വേഷണത്തിൻ്റെ ഭാഗമായി ഇവരിൽ നിന്നും തോക്ക് പിടിച്ചെടുത്തു. വീട്ടുകാർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല. സ്റ്റോർമോണ്ട്, ഡണ്ടാസ് & ഗ്ലെൻഗാരി (SD&G) OPP ക്രൈം യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തെക്കുറിച്ചോ മൂന്നാമത്തെ പ്രതിയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി 1-888-310-1122 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.