ഒറെബ്രോ, സ്വീഡൻ : മുതിർന്നവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ പ്രതി ഉൾപ്പെടെ പത്തോളം പേർ കൊല്ലപ്പെട്ടതായി സ്വീഡിഷ് പൊലീസ്. സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ഒറെബ്രോ നഗരത്തിലെ 20 വയസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന കാമ്പസ് റിസ്‌ബെർഗ്‌സ്‌ക എന്ന സ്കൂളിലാണ് വെടിവെപ്പ് നടന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 ഓടെ ആരംഭിച്ച വെടിവെപ്പിനെ തുടർന്ന് സ്കൂൾ ഒഴിപ്പിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.
മരണസംഖ്യ ഉയർന്നേക്കുമെന്ന് ലോക്കൽ പൊലീസ് മേധാവി റോബർട്ടോ ഈദ് ഫോറസ്റ്റ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ പ്രതിയും ഉൾപ്പെടുന്നതായി റോബർട്ടോ പറഞ്ഞു. അക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. ദേശീയ പരീക്ഷ കഴിഞ്ഞ് നിരവധി വിദ്യാർത്ഥികൾ വീട്ടിലേക്ക് പോയതിന് ശേഷമാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് പൊലീസ് പറയുന്നു.