ഓട്ടവ : മയക്കുമരുന്ന് കള്ളക്കടത്തുക്കാര്‍ക്ക് കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ജീവപര്യന്തം ശിക്ഷ നല്‍കുമെന്ന് പാര്‍ട്ടി ലീഡര്‍ പിയേര്‍ പൊളിയേവ്. 40 മില്ലിഗ്രാമില്‍ കൂടുതല്‍ ഫെന്റനൈല്‍ കടത്തല്‍, ഉല്‍പ്പാദനം, വിതരണം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവര്‍ക്ക് കൊലപാതകത്തിന് തുല്യമായ ശിക്ഷ നല്‍കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 20 മില്ലിഗ്രാമിനും 40 മില്ലിഗ്രാമിനും ഇടയില്‍ മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ 15 വര്‍ഷം തടവിന് ശിക്ഷിക്കണമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആവശ്യപ്പെട്ടു. കാനഡയില്‍ നിന്ന് അമിതമായി മയക്കുമരുന്ന് അമേരിക്കയിലേക്ക് കടക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരാതിപ്പെട്ട സാഹചര്യത്തിലാണ് ടോറികളുടെ പ്രഖ്യാപനം.
അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയാന്‍ കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ തയ്യാറായില്ലെങ്കില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25% താരിഫ് ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഫെന്റനൈല്‍ സാര്‍’ (Fentanyl Czar) നിയോഗിക്കുന്നത് പോലുള്ള നടപടികള്‍ ഉള്‍പ്പെടെ കാനഡ പുതിയ അതിര്‍ത്തി പദ്ധതിക്ക് രൂപം നല്‍കിയതിന് ശേഷം ഈ ആഴ്ച ആദ്യം താരിഫുകള്‍ നടപ്പിലാക്കുന്നത് ട്രംപ് 30 ദിവസത്തേക്ക് മാറ്റിവച്ചിരുന്നു.