ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോയിലുടനീളം രാവിലെ ഉണ്ടായ കനത്ത മഞ്ഞുവീഴ്ച ചില ബസ് സർവീസുകൾ റദ്ദാക്കുന്നതിനും കനത്ത ഗതാഗത തടസ്സത്തിനും കാരണമായി. വ്യാഴാഴ്ച, എല്ലാ ഹാൽട്ടൺ ഡിസ്ട്രിക്റ്റിലേയും ഹാൽട്ടൺ കാത്തലിക് സ്കൂൾ സോണുകളിലെയും ബസുകൾ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, സ്കൂളുകൾ തുറന്നിട്ടുണ്ട്. ബസുകൾ ഓടുന്നുണ്ടെങ്കിലും കാലതാമസം പ്രതീക്ഷിക്കുന്നതായി ടൊറൻ്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (ടിഡിഎസ്ബി) അറിയിച്ചു. ഹാമിൽട്ടൺ-വെൻ്റ്വർത്ത് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡും (HWDSB) വ്യാഴാഴ്ച നിരവധി സ്കൂൾ ബസ് റദ്ദാക്കിയിട്ടുണ്ട്.
![](http://mcnews.ca/wp-content/uploads/2025/02/Manoj-Mammen-1024x577.jpg)
അതിരാവിലെ ആരംഭിച്ച മഞ്ഞുവീഴ്ച ഉച്ചയോടെ നഗരത്തിൽ മഞ്ഞുമഴയായി മാറും. താപനില 1 ഡിഗ്രി സെൽഷ്യസായി തുടരും. മിക്ക പ്രദേശങ്ങളിലും 2-5 സെ.മീ. വരെ മഞ്ഞുവീഴ്ച തുടരും. എന്നാൽ, കിഴക്കൻ ഒൻ്റാരിയോയിൽ വ്യാഴാഴ്ച ഉച്ചയ്ക്കും വൈകുന്നേരവും 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ഇത് വൈകുന്നേരം യാത്ര ദുഷ്കരമാക്കും. ഒൻ്റാരിയോയിലും വിൻസറിലും ഈറി തടാകത്തിൻ്റെ തീര പ്രദേശങ്ങളിലും വ്യാഴാഴ്ച മഞ്ഞുമഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും.
![](http://mcnews.ca/wp-content/uploads/2024/01/Mint-Leaves-1024x540.jpg)
അതേസമയം ടൊറൻ്റോയിൽ വെള്ളിയാഴ്‌ച പകൽസമയത്തെ ഉയർന്ന താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസായിരിക്കും. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 11 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യും. ശനിയാഴ്ച വൈകുന്നേരത്തോടെ വീണ്ടും മഞ്ഞുവീഴ്ച ആരംഭിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു.