വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്. ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ പടുകൂറ്റന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ വെറും 105 റണ്‍സിനു പുറത്താക്കിയ ഇംഗ്ലീഷ് വനിതകള്‍ 19.2 ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ കാതറീന് ബ്രന്റും സോഫി എകിള്സ്റ്റണുമാണ് പാകിസ്താനെ തകര്‍ത്തത്. കെയ്റ്റ് ക്രോസ്, ഹീഥര്‍ നൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്താന് നിരയില്‍ 32 റണ്‍സ് നേടിയ ഓപ്പണര്‍ സിദ്ര അമീനും 23 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സിദ്ര നവാസിനും മാത്രമേ പിടിച്ചു നില്ക്കാനായുള്ളു.
പിന്നീട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ ഓപ്പണര്‍ ടാമി ബ്യൂമണ്ടിനെ(2) നഷ്ടമായെങ്കിലും അടിച്ച തകര്‍ത്ത സൂപ്പര്‍ താരം ഡാനി വ്യാറ്റിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി കാര്യങ്ങള്‍ എളുപ്പമാക്കുകയായിരുന്നു. 68 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 76 റണ്‍സാണ് വ്യാറ്റ് നേടിയത്. 36 പന്തുകളില്‍ നിന്ന് 24 റണ്‍സുമായി നായിക ഹീഥര്‍ നൈറ്റ് മികച്ച പിന്തുണ നല്കി.
കൂറ്റന്‍ ജയം നേടിയതോടെ റണ്‍റേറ്റില്‍ വന്‍ കുതിപ്പ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യയെ പിന്തള്ളി ആദ്യ നാലില്‍ എത്തുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന അവസാന ലീഗ് മത്സരം ഇന്ത്യക്ക് നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയെ തോല്പിക്കുകയോ അല്ലെങ്കില്‍ മത്സരം മഴകാരണം ഉപേക്ഷിക്കപ്പെടുകയോ ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് അവസാന നാലില്‍ കടക്കാനാകൂ. ഈ രണ്ടു വഴിയല്ലാതെ മറ്റൊരു വഴി ഇന്ത്യക്ക് മുന്നിലുള്ളത് ഇംഗ്ലണ്ടിന്റെ തോല്‍വിയാണ്.
അവസാന ലീഗ് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ബംഗ്ലാദേശ് കൂറ്റന്‍ വിജയം നേടിയാല്‍ ഇംഗ്ലണ്ടിന്റെ റണ്‍റേറ്റ് കുറയുകയും അതുവഴി ഇന്ത്യക്ക് നാലാം സ്ഥാനത്ത് എത്താനും കഴിയും. കഴിഞ്ഞ ദിവസം നടന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടതോടെയാണ് ഈ സാഹചര്യത്തിലേക്ക് പോയിന്റ് നിലമാറിയത്.
മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇതോടെ ആറു പോയിന്റും നെഗറ്റീവ് റണ്‍റേറ്റുമായി ഇന്ത്യക്ക് പിന്നിലായിരുന്ന വെസ്റ്റിന്‍ഡീസ് ഏഴു പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു. 12 പോയിന്റോടെ ഓസ്ട്രേലിയയും ഒമ്ബതു പോയിന്റോടെ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പാക്കി കഴിഞ്ഞു.