കാൽഗറി : കാനഡ-യുഎസ് വ്യാപാരയുദ്ധം ആരംഭിച്ചതോടെ അമേരിക്കയിലേക്കുള്ള യാത്രയിൽ ഇടിവ് ഉണ്ടായതായി വെസ്റ്റ്‌ജെറ്റ്. താരിഫ് ഭീഷണി ആരംഭിച്ചത് മുതൽ കാനഡയിൽ നിന്ന് യുഎസിലേക്കുള്ള യാത്രയിൽ ഏകദേശം 25% കുറഞ്ഞതായി വെസ്റ്റ്‌ജെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അലക്സിസ് വോൺ ഹോൻസ്ബ്രോച്ച് പറയുന്നു.

ഇതിനിടെ കാൽഗറിയിൽ വിമാനം റിപ്പയർ ചെയ്യാനും ടെസ്റ്റിങ് സെന്‍റർ നിർമ്മിക്കാനും ലുഫ്താൻസ ടെക്നിക്കുമായി കരാറിൽ എത്തിയതായി വെസ്റ്റ്‌ജെറ്റ് മേധാവി പ്രഖ്യാപിച്ചു. 2027-ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മെയിൻ്റനൻസ് സെന്‍ററിനായുള്ള കരാറിനായി ഏകദേശം രണ്ട് വർഷത്തോളം ചർച്ച നടത്തിയതായി അലക്സിസ് വോൺ ഹോൻസ്ബ്രോച്ച് പറഞ്ഞു. പുതിയ മെയിൻ്റനൻസ് സെന്‍ററിൻ്റെ ആസൂത്രണത്തിനും വികസനത്തിനും മേൽനോട്ടം വഹിക്കുന്നത് കാൽഗറി എയർപോർട്ട് അതോറിറ്റിയാണ്. ഈ സൗകര്യത്തിന് ഏകദേശം 12 കോടി ഡോളർ ചിലവ് വരുമെന്നും മൊത്തം 30 കോടി ഡോളർ വരുന്ന നാല് പദ്ധതികളിൽ ആദ്യത്തേതാണിതെന്നും അതോറിറ്റിയുടെ പ്രസിഡൻ്റും സിഇഒയും പറഞ്ഞു. കാനഡയിൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും പരിപാലിക്കാനും കാൽഗറിയെ കൂടുതൽ വ്യോമയാന കേന്ദ്രമാക്കി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വെസ്റ്റ്‌ജെറ്റ് ആണ് പ്രാഥമിക പങ്കാളിയെങ്കിലും, മറ്റു എയർലൈനുകൾക്കും മെയിൻ്റനൻസ് സെന്‍റർ ഉപയോഗിക്കാം.