ഓട്ടവ : എല്ലാറ്റിനും വില ഉയരുമ്പോൾ, ചോക്ലറ്റ് വ്യത്യസ്തമാകാതിരിക്കുന്നതെങ്ങനെ. കാനഡയിൽ ചോക്ലറ്റ് വില കുതിച്ചുയരുന്നതായി നിരവധി സ്റ്റോർ ഉടമകൾ റിപ്പോർട്ട് ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ചോക്ലറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്‌കൃത ഉൽപ്പന്നമായ കൊക്കോയുടെ വില വർധനയാണ് ഇതിന് കാരണം.

ലോകത്തിലെ ഭൂരിഭാഗം കൊക്കോയും വിതരണം ചെയ്യുന്ന നാല് പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിലെ താപനില ഉയരുന്നത് വിളവ് മോശമാകുന്നതിന് കാരണമായതായി കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. കാമറൂൺ, കോറ്റ് ഡി ഐവയർ, ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് ലോകത്തിലെ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത്. ഈ രാജ്യങ്ങളിലെ മോശം വിളവ് സമീപ വർഷങ്ങളിൽ കൊക്കോയുടെ വിലയിൽ ഏകദേശം 400% വർധനയ്ക്ക് കാരണമായി. കൂടാതെ സമാനമായ പാരിസ്ഥിതിക സാഹചര്യങ്ങൾ ഗോതമ്പിന്‍റെയും ധാന്യത്തിന്‍റെയും വിലയെ ബാധിക്കുന്നുണ്ടെന്നും ഇതും ചോക്ലറ്റ് വില കുതിച്ചുയരുന്നതിന് കാരണമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു.