ഓട്ടവ : ‘ഫ്രീഡം കോൺവോയ്’ സംഘാടകൻ പാറ്റ് കിങിനെ മൂന്ന് മാസത്തെ വീട്ടുതടങ്കലിന് ശിക്ഷിച്ചു. ഫുഡ് ബാങ്കിലോ പുരുഷന്മാരുടെ അഭയകേന്ദ്രത്തിലോ 100 മണിക്കൂർ കമ്മ്യൂണിറ്റി സേവനവും ഈ ശിക്ഷയിൽ ഉൾപ്പെടുന്നു. വിചാരണയ്‌ക്ക് മുമ്പും വിചാരണയ്‌ക്കിടെയും ഒമ്പത് മാസത്തെ ജയിലിൽ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ശിക്ഷ. കോടതി, കമ്മ്യൂണിറ്റി സേവന ആവശ്യങ്ങൾക്കായി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂർ ഒഴികെ പാറ്റ് കിങ് സ്വവസതിയിൽ തുടരണമെന്നും ഓട്ടവ കോടതി ജസ്റ്റിസ് ചാൾസ് ഹാക്ക്‌ലാൻഡ് അറിയിച്ചു. കോടതിയിൽ ഹാജരാകാതെ ഓട്ടവയിലേക്ക് മടങ്ങരുതെന്നും തമര ലിച്ച്, ക്രിസ് ബാർബർ എന്നിവരുൾപ്പെടെ മറ്റ് ആറ് കോൺവോയ് നേതാക്കളുമായി ബന്ധപ്പെടരുതെന്നും നിർദ്ദേശമുണ്ട്.

കോവിഡ് മഹാമാരിക്കാലത്ത് രാജ്യാതിര്‍ത്തി കടന്ന് സര്‍വീസ് നടത്തുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെ എതിർത്ത് പ്രതിഷേധിച്ച ഫ്രീഡം കോൺവോയ് സംഘാടകരിലൊരാളായിരുന്നു പാറ്റ് കിങ്. മൂന്നാഴ്ച നീണ്ട ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ തൻ്റെ പങ്കുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു. ഫെബ്രുവരി പതിനെട്ടിനാണ് പാറ്റ് കിങ് അറസ്റ്റിലാവുന്നത്. അറസ്റ്റിന് ശേഷം അഞ്ച് മാസത്തോളമാണ് പാറ്റ് ജയിലില്‍ കിടന്നത്.

കോവിഡ് പൊതുജനാരോഗ്യ നിയന്ത്രണങ്ങൾ, വാക്‌സിൻ ഉത്തരവുകൾ തുടങ്ങിയവയ്‌ക്കെതിരെ 2022-ൽ നടന്ന ഫ്രീഡം കോൺവോയ് പ്രതിഷേധത്തിൽ മൂന്നാഴ്ചയിലേറെ രാജ്യതലസ്ഥാനത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. അമേരിക്കയ്ക്കും കാനഡയ്ക്കുമിടയില്‍ സഞ്ചരിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും വാക്സിന്‍ എടുക്കണമെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഉത്തരവിനെതിരെയാണ് ‘ഫ്രീഡം കോണ്‍വോയ്’ പ്രക്ഷോഭം അരങ്ങേറിയത്. ആയിരക്കണക്കിന് ട്രക്ക് ഡ്രൈവര്‍മാരാണ് അന്ന് പ്രക്ഷോഭത്തിന്‍റെ ഭാഗമായത്.