ഓട്ടവ : കാനഡയുടെ ഭൂരിഭാഗം പ്രവിശ്യകളിലും അതിശൈത്യവും ശക്തമായ കാറ്റും കനത്ത മഴയും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ കാനഡയുടെ ഭൂരിഭാഗം പ്രവിശ്യകളെ ബാധിച്ച കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുള്ള വൃത്തിയാക്കൽ തുടരുമ്പോളാണ് ബുധനാഴ്ച രാവിലെ നാല് പ്രവിശ്യകളിലും ഒരു പ്രദേശത്തും കൂടുതൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകിയത്.
പ്രയറീസ്
ആൽബർട്ട, സസ്കാച്വാൻ, മാനിറ്റോബ എന്നിവയുടെ തെക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ കാറ്റിനൊപ്പം മൈനസ് 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് തണുപ്പ് പ്രതീക്ഷിക്കുന്നു. അതേസമയം തെക്കൻ ആൽബർട്ടയിലെ പ്രദേശങ്ങളിൽ താപനില ഉയരാൻ തുടങ്ങിയിരിക്കുന്നു. ആൽബർട്ടയിൽ വ്യാഴാഴ്ച പൂജ്യത്തിന് മുകളിലായിരിക്കും താപനില.

വടക്കൻ സസ്കാച്വാനിൽ കാറ്റിനൊപ്പം മൈനസ് 50 ഡിഗ്രി സെൽഷ്യസായിരിക്കും തണുപ്പ്. വ്യാഴാഴ്ചയോടെ താപനില കൂടുതൽ ചൂടാകും. മാനിറ്റോബയെ സംബന്ധിച്ചിടത്തോളം സമാനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ബ്രിട്ടിഷ് കൊളംബിയ
പ്രവിശ്യയുടെ വെസ്റ്റ് കോസ്റ്റിൽ ബുധനാഴ്ച ഉച്ചവരെ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ ആരംഭിക്കുന്ന ശക്തമായ തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 90 കിലോമീറ്ററായി ഉയരും. കിഴക്കൻ വൻകൂവർ ദ്വീപ്, നാനൂസ് ബേ മുതൽ കാംബെൽ റിവർ, സൺഷൈൻ കോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ നാശം വിതച്ചേക്കാവുന്ന ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് വകുപ്പ് അറിയിച്ചു.
ന്യൂനമർദം വൻകൂവർ ദ്വീപിന് മുകളിലൂടെ നീങ്ങുകയും ദുർബലമാവുകയും ചെയ്യുന്നതിനാൽ ഇന്ന് ഉച്ചയോടെ കാറ്റിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി റിപ്പോർട്ട് ചെയ്തു. ബ്രിട്ടിഷ് കൊളംബിയയുടെ ചില പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി 50 മുതൽ 70 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വൻകൂവർ നോർത്ത് ഷോർ, വൻകൂവർ നോർത്ത് ഈസ്റ്റ്, ഹൗ സൗണ്ട് എന്നിവിടങ്ങളിൽ ചിലപ്പോൾ കനത്ത മഴ പെയ്യും.

യൂകോൺ
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് യൂകോണിലെ ഡെംപ്‌സ്റ്ററിൽ ഹിമപാത മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയിൽ ദൃശ്യപരത പൂജ്യമായി കുറയും. വെള്ളിയാഴ്ച വരെ മഞ്ഞുവീഴ്ച തുടരും. തെക്കുപടിഞ്ഞാറൻ യൂകോണിനെ ബാധിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്ന് മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും.
അതേസമയം ഒൻ്റാരിയോ, കെബെക്ക്, അറ്റ്ലാൻ്റിക് കാനഡ, നൂനവൂട്ട്, നോർത്ത് വെസ്റ്റ് ടെറിറ്ററീസ് എന്നിവിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല.