ഓട്ടവ : ഒന്നിലധികം മയക്കുമരുന്ന് കാർട്ടലുകൾ ഉൾപ്പെടെ ഏഴ് രാജ്യാന്തര ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. യുഎസ്-കാനഡ അതിർത്തി വഴിയുള്ള മയക്കുമരുന്ന് കള്ളക്കടത്തിനെതിരെയുള്ള നപടികളുടെ ഭാഗമായാണ് ഈ നീക്കം. ഈ ഗ്രൂപ്പിൽ അഞ്ചെണ്ണം മെക്സിക്കോ ആസ്ഥാനമായുള്ളവയാണ്. മെക്സിക്കോയിലെ സിനലോവ കാർട്ടൽ, വെനസ്വേലയിലെ ട്രെൻ ഡി അരാഗ്വ, എൽ സാൽവഡോറിലെ MS-13 എന്നിവയും പട്ടികയിൽ ഉൾപ്പെടുന്നതായി ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി അറിയിച്ചു. ഈ സംഘടനകളുടെ ആസ്തികളും സ്വത്തുക്കളും മരവിപ്പിക്കും. കൂടാതെ അവ പിടിച്ചെടുക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുമെന്നും ഡേവിഡ് മക്ഗിൻ്റി പറഞ്ഞു. മയക്കുമരുന്ന് കാർട്ടലുകൾ ഉൾപ്പെടെ എട്ട് ലാറ്റിനമേരിക്കൻ ക്രൈം ഓർഗനൈസേഷനുകളെ “വിദേശ ഭീകര സംഘടനകൾ” എന്ന് യുഎസ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കനേഡിയൻ ഗവൺമെൻ്റിൻ്റെ നീക്കം.

ഗൾഫ് കാർട്ടൽ (എൽ കാർട്ടൽ ഡെൽ ഗോൾഫോ), മൈക്കോകാൻ ഫാമിലി (ലാ ഫാമിലിയ മൈക്കോക്കാന), MS-13 (ലാ മര സാൽവത്രുച), യുണൈറ്റഡ് കാർട്ടൽസ് (കാർട്ടലെസ് യുണിഡോസ്), TdA (ട്രെൻ ഡി അരാഗ്വ), ജാലിസ്കോ കാർട്ടൽ ന്യൂ ജനറേഷൻ (കാർട്ടൽ ജാലിസ്കോ ന്യൂവ ജനറേഷൻ), സിനലോവ കാർട്ടൽ (കാർട്ടൽ ഡി സിനലോവ) എന്നിവയാണ് പട്ടികയിൽ ഉള്ള ക്രിമിനൽ സംഘടനകൾ.

അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടഞ്ഞില്ലെങ്കിൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ കാനഡ നിരവധി അതിർത്തി സുരക്ഷാ നടപടികൾ ആരംഭിച്ചിരുന്നു.