Tuesday, March 10, 2026

94-ാമത് ഓസ്കർ അവാർഡിന് ഇനി രണ്ടുനാൾ…

സിനിമാ ലോകത്ത് പ്രവർത്തിക്കുന്നവരുടെ സ്വപ്നമാണ് ഓസ്കർ അവാര്‍ഡ്. സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ് ഓസ്കർ എന്നു അറിയപ്പെടുന്ന അക്കാദമി അവാർഡ്. ഇത്തവണ 94-ാമത് ഓസ്‌കർ അവാർഡ് മാർച്ച് 27ന് ലോസ് ആഞ്ജലീസിലെ ഡോൾബി തിയറ്ററിൽ നടക്കും.

ഇത്തവണത്തെ ഓസ്കാർ അവാർഡിൽ മികച്ച ചിത്രത്തിനുള്ള അവാർഡിനായി വെസ്റ്റ് സൈഡ് സ്റ്റോറി, സൈറാനോ, നൈറ്റ്മേർ അല്ലെ, കിംഗ് റിച്ചാർഡ്, ദ പവർ ഓഫ് ദി ഡോഗ്, ബെൽഫാസ്റ്റ്, ബീയിംഗ് ദ റിക്കാർഡോസ്, തുടങ്ങിയ സിനിമകൾ മത്സരിക്കും. മികച്ച നടിക്കുള്ള അവാർഡിനായി ജെസീക്ക ചാസ്റ്റെയ്ൻ, ഒലിവിയ കോൾമാൻ, പെനലോപ്പ് ക്രൂസ്, നിക്കോൾ കിഡ്മാൻ, ക്രിസ്റ്റൻ സ്റ്റുവർട്ട് തുടങ്ങിയവർക്ക് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

മികച്ച നടനുള്ള അക്കാദമി അവാർഡിന് ഹാവിയർ ബാർഡെം, ബെനഡിക്ട് കംബർബാച്ച്, ആൻഡ്രൂ ഗാർഫീൽഡ്, വിൽ സ്മിത്ത്, ഡെൻസൽ വാഷിംഗ്ടൺ എന്നിവർക്കാണ് നോമിനേഷൻ ലഭിച്ചിട്ടുള്ളത്.

ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങാണ് ഓസ്കർ. ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അമേരിക്ക ആസ്ഥാനമായുള്ള അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് (AMPAS) ആണ് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

അക്കാദമി അംഗങ്ങള്‍ക്കിടയില്‍ നടത്തുന്ന രഹസ്യ വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുന്നത്.

11 വീതം ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങളാണ് ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയ ചിത്രങ്ങളുടെ പട്ടികയിലുള്ളത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നി നിർമാണ കമ്പനിയാണ്.

മികച്ച ചിത്രം, സംവിധാനം, തിരക്കഥ, നടന്‍, നടി എന്നീ പ്രധാന അഞ്ച് പുരസ്‌കാരങ്ങളും നേടിയ മൂന്ന് സിനിമകളാണ് ഓസ്‌കര്‍ ചരിത്രത്തിലുള്ളത്. ഇറ്റ് ഹാപ്പന്‍ഡ് വണ്‍ നൈറ്റ് (1935), വണ്‍ ഫ്ള്യൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റ് (1976), ദ സൈലന്‍സ് ഓഫ് ദ ലാംബ് (1992) എന്നിവയാണ് അവ.

മൂന്ന് അവാർഡുകളും, 12 നോമിനേഷനുകളും ലഭിച്ചത്തിലൂടെ ഏറ്റവും കൂടുതല്‍ നോമിനേഷനും അവാർഡും നേടിയിട്ടുള്ളത് നടന്‍ ജാക്ക് നിക്കോള്‍സണാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത് കാതറിൻ ഹെപ്ബോണിനാണ്. നാല് അവാർഡുകളാണ് കാതറിന്റെ നേട്ടം.

അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ഇതുവരെ ഓസ്‌കര്‍ ലഭിച്ചിട്ടുള്ളത്. ഗാന്ധി ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ച ഭാനു അതയ്യയാണ് ഓസ്‌കര്‍ നേടിയ ആദ്യ ഇന്ത്യക്കാരി. 1992-ല്‍ സത്യജിത് റായ്ക്ക് ഓസ്‌കര്‍ ബഹുമാന പുരസ്‌കാരം (ഓണററി ഓസ്‌കര്‍) സമ്മാനിച്ചു.

2009-ല്‍ സ്ലംഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലൂടെ മൂന്ന് ഓസ്‌കറുകള്‍ ഇന്ത്യയിലെത്തി. റസൂല്‍ പൂക്കുട്ടി (ശബ്ദലേഖനം), എ.ആര്‍. റഹ്മാന്‍ (സംഗീതം, ഗാനം), ഗുല്‍സാര്‍ (ഗാനം) എന്നിവരാണ് അവാര്‍ഡ് നേടിയത്. രണ്ട് ഓസ്‌കര്‍ നേടിയ ഏക ഇന്ത്യൻ എ.ആര്‍. റഹ്മാനാണ്.

ഇതുവരെ മൂന്ന് മലയാളം ചിത്രങ്ങള്‍ക്ക് മികച്ച വിദേശഭാഷാ വിഭാഗത്തില്‍ എന്‍ട്രി ലഭിച്ചിട്ടുണ്ട്. രാജീവ് അഞ്ചലിന്റെ ‘ഗുരു’വും സലീം അഹമ്മദിന്റെ ‘ആദാമിന്റെ മകന്‍ അബു’വും, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടും ഈ പട്ടികയിൽ ഇടം നേടി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!