ഓട്ടവ : യുഎസിൽ നിന്നുള്ള താരിഫ് ഭീഷണി ഒഴിവാക്കാനാകുമെന്ന് ഉറപ്പില്ലെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഡേവിഡ് മക്ഗിൻ്റി. അതിർത്തി സുരക്ഷയും മയക്കുമരുന്ന് കടത്തും പരിഹരിക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും താരിഫ് ഭീഷണിയിൽ നിന്നും കാനഡ മുക്തരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, താരിഫ് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ഭീഷണി ഒഴിവാക്കാനാകുമെന്ന് വിശ്വസിക്കുന്നതായി ഡേവിഡ് മക്ഗിൻ്റി പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം എല്ലാ കനേഡിയൻ ഇറക്കുമതികൾക്കും 25% താരിഫ് ചുമത്തുമെന്ന ഭീഷണിയ്ക്ക് 30 ദിവസത്തെ ഇളവ് ലഭിച്ചിരുന്നു. എന്നാൽ, ഈ താരിഫുകൾ മാർച്ച് 4 മുതൽ പ്രാബല്യത്തിൽ വരും.

കാനഡ-യുഎസ് അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനായി ഏഴ് ക്രിമിനൽ ഓർഗനൈസേഷനുകളെ – ഒന്നിലധികം മയക്കുമരുന്ന് കാർട്ടലുകളെ അടക്കം – തീവ്രവാദ സംഘടനകളുടെ പട്ടികയിൽ കാനഡ ഉൾപ്പെടുത്തിയതായി ഡേവിഡ് മക്ഗിൻ്റി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ നടപടികൾക്ക് ശേഷവും താരിഫ് ഭീഷണി പിൻവലിക്കുമെന്ന ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

130 കോടി ഡോളറിൻ്റെ പുതിയ അതിർത്തി പദ്ധതിയുടെ ഭാഗമായി, കാനഡ-യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്നുകളുടെ ഒഴുക്ക് തടയാൻ “ഫെൻ്റനൈൽ സാർ” (Fentanyl Czar) എന്നയാളെ നിയമിക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെയും 60 പുതിയ ഡ്രോണുകളും നിരീക്ഷണ ഉപകരണങ്ങളും ഹെലികോപ്റ്ററുകളും അതിർത്തിയിൽ വിന്യസിച്ചിരുന്നു.