ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പാസേജ് ടു ഇന്ത്യ കമ്യൂണിറ്റി ഫെസ്റ്റ് ഉത്സവാന്തരീക്ഷത്തില്‍ തുടരുന്നു.അവധി ദിനമായ വെള്ളിയാഴ്ച പ്രവാസികള്‍ കുടുംബ സമേതം ഒഴുകിയെത്തിയപ്പോള്‍ മിയ പാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഉത്സവത്തെരുവായി മാറി.
വര്‍ണാഭമായ പരിപാടികളോടെയാണ് രണ്ടാം ദിനം പുരോഗമിച്ചത്. വൈകീട്ട് നാലോടെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഡോഗ് സ്ക്വാഡിന്‍റെ ഡോഗ് ഷോ കാഴ്ചക്കാര്‍ക്ക് അവിസ്മരണീയമായി. പരിശീലനം നേടിയ പൊലീസ് നായ്ക്കള്‍ കുറ്റാന്വേഷണത്തിലും ഏറ്റുമുട്ടലുകളിലുമെല്ലാം നടത്തുന്ന പ്രകടനങ്ങളായിരുന്നു പ്രദര്‍ശിപ്പിച്ചത്. റേഡിയോ മലയാളം-മലയാളി സമാജം നേതൃത്വത്തില്‍ നടന്ന മെഗാ തിരുവാതിര കളിയും ശ്രദ്ധനേടി. 120ഓളം അംഗനമാര്‍ അണിനിരന്ന മെഗാ തിരുവാതിര കളിയുടെ ചുവടുകള്‍ ആകര്‍ഷകമായി.
ഒപ്പന, കളരിപ്പയറ്റ്, ചെണ്ടമേളം, നൃത്തപരിപാടികള്‍, സംഗീത പരിപാടികള്‍ തുടങ്ങിയവയുമായി ശ്രദ്ധേയമായിരുന്നു കമ്യൂണിറ്റി ഫെസ്റ്റിന്‍റെ രണ്ടാം ദിനം. വിവിധ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളും നൃത്തപരിപാടികള്‍ അവതരിപ്പിച്ചു. ഉച്ച കഴിഞ്ഞു തന്നെ ആയിരങ്ങള്‍ മിയ പാര്‍ക്ക് മൈതാനിയിലേക്ക് ഒഴുകിയെത്തി.