ഓട്ടവ : യുഎസിൽ നിന്നുള്ള താരിഫ് വർധനയുടെ അനിശ്ചിതത്വത്തിനിടയിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ പ്രീമിയർമാരുമായി വെർച്വൽ മീറ്റിങ് നടത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ, പ്രധാനമന്ത്രിയുടെ പ്രീമിയർമാരുമായുള്ള യോഗം എപ്പോൾ നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ഫെഡറൽ കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷനാകും.

തൊഴിലാളികൾക്കും കമ്മ്യൂണിറ്റികൾക്കും യുഎസ് താരിഫുകൾ സൃഷ്ടിക്കുന്ന ആഘാതം ചർച്ച ചെയ്യാൻ കനേഡിയൻ ലേബർ കോൺഗ്രസ് (സിഎൽസി) ബുധനാഴ്ച രാത്രി എട്ടു മണിക്ക് അടിയന്തര യോഗം ചേരുന്നുണ്ട്. കാനഡയിലുടനീളമുള്ള എല്ലാ മേഖലകളിൽ നിന്നുമുള്ള മുപ്പത് ലക്ഷത്തിലധികം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകളിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. കാനഡ താരിഫ് വർധനയെ നേരിടാൻ തയ്യാറെടുക്കണമെന്ന് കനേഡിയൻ ലേബർ കോൺഗ്രസ് പ്രസിഡൻ്റ് ബീ ബ്രൂസ്‌കെ പറഞ്ഞു. ഏകദേശം 23 ലക്ഷം കനേഡിയൻ പൗരന്മാർ യു.എസ്. കയറ്റുമതിയുമായി നേരിട്ട് ബന്ധപ്പെട്ട ജോലികളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം 14 ലക്ഷം അമേരിക്കൻ പൗരന്മാരും കനേഡിയൻ കയറ്റുമതിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നുണ്ട്. ഇവർക്കെല്ലാം താരിഫ് വർധന പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.