ഓട്ടവ : അപ്രതീക്ഷിതമായി തീപിടിക്കാൻ സാധ്യത ഉള്ളതിനാൽ കാനഡയിൽ വിറ്റഴിച്ച എൽജി ബ്രാൻഡ് കിച്ചൻ സ്റ്റൗ തിരിച്ചു വിളിച്ച് ഹെൽത്ത് കാനഡ. കൊറിയയിലും മെക്സിക്കോയിലും നിർമ്മിച്ച സ്ലൈഡ്-ഇൻ, ഫ്രീസ്റ്റാൻഡിംഗ് എൽജി ഇലക്ട്രിക് കിച്ചൻ സ്റ്റൗ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2016 മെയ് മുതൽ 2024 ജൂൺ വരെ, കറുപ്പും സ്റ്റെയിൻലെസ് സ്റ്റീൽ നിറവും 30 ഇഞ്ച് വീതിയുമുള്ള 137,257 ഉൽപ്പന്നങ്ങൾ കാനഡയിൽ വിറ്റതായി എൽജി അറിയിച്ചു.

തിരിച്ചുവിളിച്ച കിച്ചൻ സ്റ്റൗവിന്‍റെ മുൻവശത്ത് ഘടിപ്പിച്ചിരിക്കുന്ന നോബുകളിൽ മനുഷ്യരോ വളർത്തുമൃഗങ്ങളോ അറിയാതെ സ്പർശിച്ചാൽ പ്രവർത്തനക്ഷമമാകും. ഇത് തീപിടുത്തത്തിന് കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. ഫെബ്രുവരി 12 വരെ, കാനഡയിൽ ഒരു ചെറിയ പൊള്ളൽ അടക്കം എട്ട് അപകടങ്ങളും രണ്ട് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്ന് ഏജൻസി അറിയിച്ചു. അപകടസാധ്യത ഇല്ലാതാക്കാൻ സ്റ്റൗ ഉപയോഗത്തിലില്ലാത്തപ്പോൾ റേഞ്ച് കൺട്രോൾ പാനലിലെ കൺട്രോൾ ലോക്ക്/ലോക്ക് ഔട്ട് ഫംഗ്ഷൻ ഉപയോക്താക്കൾ ഉപയോഗിക്കണമെന്ന് എൽജി നിർദ്ദേശിച്ചു.