വിനിപെഗ് : ദേശീയ ഫാർമകെയർ പ്രോഗ്രാമിൽ ഔദ്യോഗികമായി കരാറിലെത്തുന്ന ആദ്യ പ്രവിശ്യയായി മാനിറ്റോബ. കരാർ പ്രകാരം നാല് വർഷത്തേക്ക് മാനിറ്റോബയ്ക്ക് 21 കോടി 90 ലക്ഷം ഡോളർ ലഭിക്കുമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി മാർക്ക് ഹോളണ്ട് അറിയിച്ചു. പ്രോഗ്രാമിലൂടെ മാനിറ്റോബ നിവാസികൾക്ക് ഗർഭനിരോധന മാർഗ്ഗങ്ങളും പ്രമേഹ മരുന്നുകളും സൗജന്യമായി ലഭിക്കും. കൂടാതെ ആർത്തവവിരാമത്തിനുള്ള ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പിയും കരാറിൻ്റെ പരിധിയിൽ വരും. മാനിറ്റോബയിലെ കവറേജ് ജൂണിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹെൽത്ത് കാർഡുള്ള ആർക്കും ജനന നിയന്ത്രണ, പ്രമേഹ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് ദേശീയ ഫാർമകെയർ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. ലിബറൽ ന്യൂനപക്ഷ ഗവൺമെൻ്റിനെ രണ്ട് വർഷത്തിലേറെയായി അധികാരത്തിൽ നിലനിർത്തിയ എൻഡിപിയുമായുള്ള വിതരണ-വിശ്വാസ കരാറിൻ്റെ പ്രധാന ഭാഗമായിരുന്നു ഈ നിയമനിർമ്മാണം. ലിബറൽ സർക്കാർ പ്രോഗ്രാമിനായി 150 കോടി ഡോളർ ബജറ്റിൽ വകയിരുത്തിയിരുന്നു.