ടൊറൻ്റോ : ഒൻ്റാരിയോയിൽ അഞ്ചാംപനി പടർന്നു പിടിക്കുന്നു. പ്രവിശ്യയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 84 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വർഷം ഇതുവരെ ഒൻ്റാരിയോയിൽ ആകെ 119 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് 2013-നും 2023-നും ഇടയിൽ പ്രവിശ്യയിൽ രേഖപ്പെടുത്തിയ മൊത്തം കേസുകളെ (101) മറികടന്നതായും അധികൃതർ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള ഒരാൾ ഉൾപ്പെടെ 18 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിലൊന്ന് വിദേശത്ത് നിന്നും അഞ്ചാംപനി ബാധിച്ച വാക്സിനേഷൻ എടുക്കാത്ത കുട്ടിക്കാണ്. അടുത്തിടെ അഞ്ചാംപനി ബാധിച്ച ഭൂരിഭാഗം ആളുകളും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഓരോ അഞ്ചാംപനി കേസിലും, അണുബാധയുടെ ഉത്ഭവം കണ്ടെത്തുന്നതിനും അണുബാധയ്ക്ക് സാധ്യതയുള്ള ആളുകളെ തിരിച്ചറിയുന്നതിനും ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.