മൺട്രിയോൾ : കെബെക്ക് വെയർഹൗസുകൾ അടച്ചുപൂട്ടാനുള്ള ആമസോൺ തീരുമാനത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി എൻഡിപി. ആമസോണിനെ എല്ലാ കനേഡിയൻ പൗരന്മാരും ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് എൻഡിപി എംപി ചാർലി ആംഗസ്.

കെബെക്കിൽ നടന്നത് കാനഡയ്‌ക്കെതിരായ കുറ്റകൃത്യമാണ്. ഇതിനെതിരെ എല്ലാ കനേഡിയൻ പൗരന്മാരും ഒരുമിച്ച് പോരാടണമെന്നും ചാർലി ആംഗസ് പറഞ്ഞു. ജോലി നഷ്ടപ്പെട്ട ആമസോൺ തൊഴിലാളികളെ സംരക്ഷിക്കാനും ആമസോൺ മേധാവി ജെഫ് ബെസോസും വാഷിംഗ്ടൺ സംഘവും നടത്തുന്ന കാനഡയ്‌ക്കെതിരായ ആക്രമണങ്ങളെ എതിർക്കാനും ഫെഡറൽ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള തൊഴിലാളി യൂണിയനുകൾ ആമസോൺ ദേശീയ ബഹിഷ്‌കരണ പ്രസ്ഥാനത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് ലാവൽ വെയർഹൗസ് യൂണിയൻ പ്രസിഡൻ്റ് ഫെലിക്‌സ് ട്രൂഡോ ആഹ്വാനം ചെയ്തു. ആമസോൺ മേധാവി ജെഫ് ബെസോസ് കനേഡിയൻ തൊഴിലാളികൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22-ന്, ആമസോൺ പ്രവിശ്യയിലെ തങ്ങളുടെ ഏഴ് വെയർഹൗസുകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2020-ന് മുമ്പുള്ള പ്രവർത്തനങ്ങൾക്ക് സമാനമായി, പ്രാദേശിക ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്ന ഡെലിവറി മോഡലിലേക്ക് മാറാൻ ആമസോൺ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്പനി പറയുന്നു. ഈ അടച്ചുപൂട്ടലുകൾ കാരണം ഏകദേശം 4,500 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം കെബക്കിലെ മറ്റ് വെയർഹൗസുകളുടെ യൂണിയൻവൽക്കരണം തടയുക, കൂടാതെ പ്രവിശ്യയിലെ യൂണിയൻ സാന്നിധ്യം ഇല്ലാതാക്കുക തുടങ്ങിയവയാണ് അടച്ചുപൂട്ടലുകളുടെ പ്രധാന ലക്ഷ്യമെന്ന് ഫെലിക്‌സ് ട്രൂഡോ അറിയിച്ചു. എന്നാൽ പ്രവിശ്യയിലെ സമീപകാല യൂണിയൻവൽക്കരണ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് പിരിച്ചുവിടലുകളെന്ന വാദങ്ങൾ ആമസോൺ തള്ളിയിട്ടുണ്ട്.