ഓട്ടവ : കാർബൺ മോണോക്സൈഡ് ചോർച്ചയെ തുടർന്ന് കാനഡയിലും യുഎസിലും വിറ്റഴിച്ച വിവിധ ബ്രാൻഡുകളുടെ ബോയിലറുകൾ തിരിച്ചുവിളിച്ചു. പ്രസ്റ്റീജ് സോളോ, പ്രസ്റ്റീജ് എക്‌സലൻസ്, എയർകോ എസ്റ്റീം ബോയിലറുകൾ എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. ബെൽജിയത്തിൽ നിർമ്മിച്ച ഈ ബോയിലറുകൾ യു.എസിലെ ട്രയാംഗിൾ ട്യൂബ് / ഫേസ് III കമ്പനിയാണ് വിതരണം ചെയ്യുന്നത്. 2011 ഡിസംബർ മുതൽ 2019 ഏപ്രിൽ വരെ കാനഡയിൽ 7,500 യൂണിറ്റുകളും യുഎസിൽ 60,000 യൂണിറ്റുകളും വിറ്റു.

ഫെബ്രുവരി 21 വരെ, കാനഡയിൽ ഈ ഉൽപ്പന്നങ്ങളെക്കുറിച്ച് കമ്പനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. എന്നാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിപ്പോർട്ട് ചെയ്ത രണ്ടു പേരുടെ മരണം ബോയിലറുകളുമായി ബന്ധപ്പെട്ടതാണെന്ന് അധികൃതർ പറയുന്നു. കൂടാതെ കാർബൺ മോണോക്സൈഡ് ചോർച്ചയെക്കുറിച്ച് അമേരിക്കയിൽ 25 പരാതികൾ ലഭിച്ചിട്ടുണ്ട്. സൗജന്യമായി ബോയിലർ പരിശോധിക്കുന്നതിന് ഉടൻ ട്രയാംഗിൾ ട്യൂബുമായി ബന്ധപ്പെടണം. ഉപയോക്താക്കൾ പുതിയ ബോയിലർ ഇഗ്നിഷൻ സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യണമെന്നും ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.

തിരിച്ചുവിളിച്ച ബോയിലറുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വീട്ടിൽ കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഉണ്ടായിരിക്കണം. കാർബൺ മോണോക്‌സൈഡ് അലാറം ഇല്ലാത്തവർ ട്രയാംഗിൾ ട്യൂബുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് കമ്പനിയെ 1-877-574-5036 എന്ന നമ്പറിലോ productrecall@triangletube.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.