മൺട്രിയോൾ : യുഎസ് താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കെബെക്ക് നിവാസികൾ അമേരിക്കയിലേക്കുള്ള യാത്രകൾ റദ്ദാക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. കെബെക്ക് നിവാസികളിൽ ഏകദേശം ഇരുപത് ശതമാനം പേർ യുഎസിലേക്ക് യാത്ര ചെയ്യാൻ പദ്ധതി ഇട്ടിരുന്നതായി അലയൻസ് ഡി എൽ ഇൻഡസ്ട്രി ടൂറിസ്റ്റ് ഡു കെബെക്കിന് വേണ്ടി ലെഗർ നടത്തിയ സർവേ സൂചിപ്പിക്കുന്നു. എന്നാൽ, കാനഡ-യുഎസ് വ്യാപാരയുദ്ധം കാരണം ഇവരിൽ 45% പേർ ഇതിനകം യാത്ര മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.

യാത്ര റദ്ദാക്കിയവരിൽ പകുതി പേരും ഇപ്പോൾ പ്രവിശ്യയ്ക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ പദ്ധതിയിടുന്നതായി പറയുന്നു. ഇത് പ്രാദേശിക ടൂറിസത്തിന് ഉണർവ് നൽകുമെന്നും ഇതിലൂടെ പ്രവിശ്യ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാകുമെന്നും അലയൻസ് ഡി എൽ ഇൻഡസ്ട്രി ടൂറിസ്റ്റ് ഡു കെബെക്ക് പ്രസിഡൻ്റും സിഇഒയുമായ ജെനിവീവ് കാൻ്റിൻ പറയുന്നു. എന്നാൽ, ഇപ്പോഴും നിരവധി അമേരിക്കക്കാർ അതിർത്തി കടന്ന് കെബെക്കിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.