വൻകൂവർ : കനേഡിയൻ ഇറക്കുമതികൾക്ക് താരിഫ് ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അന്തർപ്രവിശ്യ വ്യാപാര നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടിഷ് കൊളംബിയ. നിയന്ത്രണങ്ങൾ മാറ്റുന്നതിലൂടെ കനേഡിയൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 20,000 കോടി ഡോളർ അധികമായി ചേർക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫുകളുടെ ആഘാതം കുറയ്ക്കുമെന്നും ബ്രിട്ടിഷ് കൊളംബിയ ഇന്നൊവേഷൻ മന്ത്രി ഡയാന ഗിബ്സൺ പറയുന്നു.

കനേഡിയൻ ഫ്രീ ട്രേഡ് എഗ്രിമെൻ്റിന് (സിഎഫ്ടിഎ) കീഴിലുള്ള മത്സ്യമേഖലയിലെ നിക്ഷേപ നിയന്ത്രണങ്ങളും സംഭരണ മേഖലയിലേക്ക് വിതരണക്കാരുടെ പ്രവേശന തടസ്സവും പിൻവലിച്ചതായി ഡയാന ഗിബ്സൺ പ്രവിശ്യാ, പ്രദേശിക വ്യാപാര മന്ത്രിമാരുടെ യോഗത്തിൽ അറിയിച്ചു. ഈ ആഴ്ച ആദ്യം, നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ അന്തർപ്രവിശ്യാ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ബിൽ അവതരിപ്പിച്ചിരുന്നു. അന്ന് ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി നിർദിഷ്ട നിയമനിർമ്മാണത്തെ അഭിനന്ദിക്കുകയും പ്രവിശ്യ സമാനമായ നിയമനിർമ്മാണം അവതരിപ്പിക്കുമെന്നും വ്യക്തമാക്കിയിരുന്നു. അതേസമയം CFTA യുടെ കീഴിലുള്ള 39 ഫെഡറൽ ഇളവുകളിൽ 20 എണ്ണം പിൻവലിക്കാൻ കഴിഞ്ഞ ആഴ്ച ഫെഡറൽ ഗവൺമെൻ്റ് നീക്കം നടത്തിയിരുന്നു.