മൺട്രിയോൾ : കെബെക്ക് ടെറെബോൺ റൈഡിങ്ങിൽ മാർച്ച് 17 തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 9, 10 തീയതികളിൽ മുൻകൂർ വോട്ടിങ് നടക്കും. റൈഡിങ്ങിൽ ഒമ്പത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത് ഉള്ളതെന്ന് ഇലക്ഷൻസ് കെബെക്ക് അറിയിച്ചു. 2022-ൽ ഏഴ് സ്ഥാനാർത്ഥികളാണ് ബാലറ്റിൽ ഉണ്ടായിരുന്നത്. ഡിസംബറിൽ മുൻ മന്ത്രി പിയറി ഫിറ്റ്സ്ഗിബ്ബൺ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

61,400 വോട്ടർമാരുള്ള റൈഡിങ്ങിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 49.44% വോട്ട് നേടി വിജയിച്ച കോളിഷൻ അവനീർ കെബെക്കിനെ (സിഎക്യു) പ്രതിനിധീകരിക്കുന്നത് അലക്‌സ് ഗാഗ്നെയാണ്. കാതറിൻ ജെൻ്റിൽകോർ പാർട്ടി കെബെക്കോയിസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വിർജീനി ബൗച്ചാർഡ് ആണ് ലിബറൽ സ്ഥാനാർത്ഥി. നാദിയ പൊരിയർ കെബെക്ക് സോളിഡയറിനായും ആംഗേ ക്ലോഡ് ബിഗിലിമന കൺസർവേറ്റീവ് പാർട്ടിക്കായും മത്സരിക്കുന്നു. ചെറുകക്ഷികളുടെ സ്ഥാനാർത്ഥികളും മത്സരരംഗത്ത് ഉണ്ട്. ക്ലൈമാറ്റ് കെബെക്കിലെ ബെനോയിറ്റ് ബ്യൂചാമ്പ്, യൂണിയൻ നാഷണലിൻ്റെ എറിക് ബെർണിയർ, പാർട്ടി ആക്സസ് പ്രൊപ്രൈറ്റേ എറ്റ് ഇക്വിറ്റേയുടെ ഷോൺ ലാലാൻഡെ മക്ലീൻ, പാർടി കെബെക്കിലെ ജീൻ ലൂയിസ് തെമിസ് എന്നിവരുടെ പേരും ബാലറ്റിൽ ഉണ്ടാകും.
