ഓട്ടവ : കാനഡ-യുഎസ് വ്യാപാരയുദ്ധം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ന് രാവിലെ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച കനേഡിയൻ, മെക്‌സിക്കൻ ഉൽപന്നങ്ങൾക്ക് യുഎസ് 25% താരിഫ് ഏർപ്പെടുത്തിയിരുന്നു.

താരിഫ് വിഷയത്തിൽ ഇരുരാജ്യങ്ങളിലെയും നേതാക്കൾ ചർച്ച നടത്തിയെന്നും അതിർത്തി സുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്ക് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താരിഫുകളിൽ ഇളവ് അടക്കമുള്ളവ പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

യുഎസ് ചുമത്തിയ താരിഫുകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൊവ്വാഴ്ച പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. താരിഫുകൾ ചുമത്താനുള്ള യുഎസിൻ്റെ തീരുമാനത്തെ അപലപിച്ച ട്രൂഡോയും പ്രീമിയർമാരും ഈ സാമ്പത്തിക ഭീഷണിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നും അറിയിച്ചു. കനേഡിയൻ തൊഴിലാളികൾ, കുടുംബങ്ങൾ, വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ യുഎസ് താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിന് ഫെഡറൽ സർക്കാർ ഉടൻ തന്നെ പദ്ധതി പ്രഖ്യാപിക്കുമെന്ന് പിഎംഒ അറിയിച്ചു.