ടൊറൻ്റോ : ഗ്രേറ്റർ ടൊറൻ്റോ മേഖലയിലുടനീളമുള്ള എൽസിബിഒ സ്റ്റോറുകളിൽ നിന്നും ഏകദേശം 240,000 ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസിൽ അഞ്ച് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ്. കേസിൽ രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 2024 ഓഗസ്റ്റിൽ ആരംഭിച്ച് കഴിഞ്ഞ മാസം വരെ തുടർന്ന മോഷണപരമ്പരയിൽ 50 എൽസിബിഒ സ്റ്റോറുകളിൽ നിന്നായി 237,738.95 ഡോളറിൻ്റെ മദ്യമാണ് പ്രതികൾ മോഷ്ടിച്ചത്. സ്ഥിരമായ മേൽവിലാസമില്ലാത്ത അനൂജ് കുമാർ (25), സിമർപീത് സിങ് (29), ഷർൺദീപ് സിങ് (25), സിമ്രൻജീത് സിങ് (24) എന്നിവരും കാലിഡൺ സ്വദേശി പ്രഭ്പ്രീത് സിങ് (29) എന്നിവരാണ് അറസ്റ്റിലായത്. സ്ഥിരമായ വിലാസമില്ലാത്ത 28 വയസ്സുള്ള ജഗ്‌ഷീർ സിങ്, 25 വയസ്സുള്ള പുനിത് സെഹ്‌ര എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.

പല അവസരങ്ങളിലും ഒന്നിലധികം പ്രതികൾ ഒരുമിച്ച് കടകളിൽ എത്തുകയും എൽസിബിഒ ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുകയുമായിരുന്നു പതിവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ പ്രതികൾ സ്റ്റോറുകളിൽ നിന്നും പെട്ടികളിലും ഉന്തുവണ്ടികളിലുമായി വൻതോതിൽ മദ്യം കൊണ്ടുപോകുന്നതായി കാണാം.

പ്രതികൾക്കെതിരെ ഗൂഢാലോചന, മോഷണം, ബ്രേക്ക് ആൻഡ് എൻറർ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി (905) 453-2121 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.