എഡ്മിന്‍റൻ : മദ്യ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിയമവിരുദ്ധമായ താരിഫുകളെ ചെറുക്കാനുള്ള പദ്ധതികൾ മെഡിസിൻ ഹാറ്റിൽ പ്രഖ്യാപിക്കുകയായിരുന്നു അവർ. ആൽബർട്ട ഗവൺമെൻ്റും പ്രവിശ്യയിലെ എല്ലാ മുനിസിപ്പാലിറ്റികളും യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുകയും ആഭ്യന്തരമായി അല്ലെങ്കിൽ കാനഡയുമായി സ്വതന്ത്ര വ്യാപാര കരാർ ഉള്ള രാജ്യങ്ങളിൽ നിന്ന് മാത്രം വാങ്ങുകയും ചെയ്യുമെന്ന് ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചു. മറ്റ് പ്രവിശ്യകളുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്നും സ്മിത്ത് പറയുന്നു.

കാനഡയിൽ ഉൽപ്പാദിപ്പിക്കുന്ന സാധനങ്ങൾ തിരിച്ചറിയാനായി ലേബൽ ചെയ്യാനും പലചരക്ക്- ചില്ലറ വ്യാപാരികളോട് നിർദ്ദേശിക്കുമെന്നും പ്രീമിയർ അറിയിച്ചു. കൂടാതെ പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രവിശ്യനിവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാമ്പെയ്‌ൻ ആരംഭിക്കും. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ അമേരിക്കൻ ആൽക്കഹോൾ അല്ലെങ്കിൽ വിഎൽടിഎസ് വാങ്ങുന്നത് നിർത്താൻ ആൽബർട്ട ഗെയിമിങ്, ലിക്കർ, കഞ്ചാവ് (എജിഎൽസി)ക്ക് നിർദ്ദേശം നൽകുമെന്നും പ്രീമിയർ പറഞ്ഞു.