മൺട്രിയോൾ : സെൻ്റ് ലോറൻസ് നദിയിൽ എട്ട് അനധികൃത കുടിയേറ്റക്കാർ മുങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ടു പ്രതികളെ അമേരിക്കയിലേക്ക് കൈമാറുന്നതിന് ഒരു പടി കൂടി അടുത്തു. പ്രതികളായ സ്റ്റെഫാനി സ്‌ക്വയറിനെയും റഹ്‌സോണ്ടനോഹസ്ത ഡെലോർമിയറെയും കസ്റ്റഡിയിൽ വാങ്ങാൻ കെബെക്ക് സുപ്പീരിയർ കോടതി ജഡ്ജി വ്യാഴാഴ്ച ഉത്തരവിട്ടു. കാനഡയിൽ നിന്ന് 2023 മാർച്ചിൽ ആക്വെസസൻ മോഹോക് വഴി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിമരിച്ച എട്ട് കുടിയേറ്റക്കാരിൽ ഉൾപ്പെട്ട നാലംഗ റൊമാനിയൻ കുടുംബത്തിൻ്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇവർ അറസ്റ്റിലായത്. എന്നാൽ, കൈമാറൽ അപേക്ഷകളിൽ അന്തിമ തീരുമാനം എടുക്കുന്ന ഫെഡറൽ ജസ്റ്റിസ് മന്ത്രി ആരിഫ് വിരാനിയോട് വിഷയം വാദിക്കാമെന്ന് ജസ്റ്റിസ് ഗ്രിഗറി മൂർ വിധിന്യായത്തിൽ പറയുന്നു.

സ്റ്റെഫാനി സ്‌ക്വയറും റഹ്‌സോണ്ടനോഹസ്ത ഡെലോർമിയറും മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണെന്നും അനധികൃത കുടിയേറ്റക്കാരെ ഒൻ്റാരിയോ കോൺവാൾ ദ്വീപിലേക്ക് എത്തിച്ച് അവിടെ നിന്നും ആക്വെസസനെ നദിയിലൂടെ ബോട്ടിൽ ന്യൂയോർക്കിലേക്ക് കടത്താൻ ശ്രമിച്ചെന്നും കോടതി രേഖകൾ വ്യക്തമാക്കുന്നു. ടൊറൻ്റോ മേഖലയിൽ താമസിച്ചിരുന്ന റൊമാനിയൻ കുടുംബം യുഎസിലേക്ക് കടത്താൻ 15,000 ഡോളർ പ്രതികൾക്ക് നൽകിയെന്നും കോടതി കണ്ടെത്തി.

2023 മാർച്ചിൽ കെബെക്ക്, ഒൻ്റാരിയോ, ന്യൂയോർക്ക് സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഫസ്റ്റ് നേഷൻസ് പ്രദേശമായ ആക്വെസസനെ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ മുങ്ങിമരിച്ചത്. മാർച്ച് 30, 31 തീയതികളിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ത്യയിലെ ഗുജറാത്തിൽ നിന്നുള്ള ചൗധരി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച നാല് ഇന്ത്യക്കാർ. പ്രവീൺഭായ് ചൗധരി (50), 45 വയസ്സുള്ള ഭാര്യ ദക്ഷബെൻ, 20 വയസ്സുള്ള മകൻ മീറ്റ്, മകൾ വിധി (23) എന്നിവരാണ് മുങ്ങിമരിച്ചത്. കൂടാതെ റൊമാനിയൻ പൗരനായ ഫ്ലോറിൻ ഇയോർഡാഷെ (28), ഭാര്യ ക്രിസ്റ്റീന (മൊണാലിസ) സെനൈഡ ഇയോർഡാഷെ (28), അവരുടെ രണ്ടു വയസ്സുള്ള മകൾ എവ്ലിൻ, ഒപ്പം ഒരു വയസ്സുള്ള മകൻ എലിൻ എന്നിവരുമാണ് മരിച്ചത്. രണ്ട് കുട്ടികളും കനേഡിയൻ പൗരന്മാരായിരുന്നു. 2023 മാർച്ച് 30, 31 തീയതികളിൽ മൺട്രിയോളിൽ നിന്ന് 130 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ആക്വെസസനെ നദിയിൽ നിന്നാണ് കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.