ടൊറൻ്റോ : തെക്കൻ ഒൻ്റാരിയോ കമ്മ്യൂണിറ്റികളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ. മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ടൊറൻ്റോ എന്നിവിടങ്ങളിൽ മഴ പെയ്യാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. കൂടാതെ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാനും സാധ്യത ഉണ്ട്. പകൽസമയത്തെ ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കാം. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 9 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. അതേസമയം വൈകിട്ട് താപനില മൈനസ് 14 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. മിൽട്ടൺ, ഹാൾട്ടൺ, ഓഷവ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രതീക്ഷിക്കുന്നതായി ഏജൻസി അറിയിച്ചു.

എന്നാൽ നോർത്തേൺ ദുർഹം മേഖലയിലെ അക്സ്ബ്രിഡ്ജ് പോലുള്ള ഭാഗങ്ങളിൽ വെള്ളിയാഴ്ച 5 സെൻ്റീമീറ്റർ മഞ്ഞുവീഴ്ചയും ഷെൽബേൺ, സതേൺ ബ്രൂസ് കൗണ്ടി, ബ്രൂസ് പെനിൻസുല, ഓവൻ സൗണ്ട്, ബ്ലൂ മൗണ്ടൻസ്, ബാരി ഏരിയ എന്നിവിടങ്ങളിൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നു. വാരാന്ത്യത്തിൽ മിസ്സിസാഗയിൽ പകൽ സമയത്ത് 1 ഡിഗ്രി സെൽഷ്യസും രാത്രിയിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസുമായിരിക്കും താപനില. ഞായറാഴ്ച മേഘാവൃതവും പകൽ സമയത്ത് ഉയർന്ന താപനില 3 ഡിഗ്രി സെൽഷ്യസും പ്രതീക്ഷിക്കുന്നു.