കാൽഗറി : നിരവധി ദിവസത്തെ വസന്തകാല കാലാവസ്ഥയ്ക്ക് ശേഷം കാൽഗറിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡയുടെ (ഇസിസിസി) മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം വിസിബിലിറ്റി കുറയുന്നതോടെ നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ യാത്ര ദുഷ്‌കരമാകുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. താഴ്‌വരയിൽ നിന്നുള്ള മഞ്ഞുവീഴ്‌ച തെക്കോട്ട് വ്യാപിക്കുന്നത് തുടരുന്നതിനാൽ കൊക്രെയ്‌നിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഏജൻസി പറയുന്നു.

ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിൽ വേഗത്തിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് യാത്ര ദുഷ്കരമാക്കും. കനനാസ്‌കിസ് മേഖലയിൽ, 10 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി ECCC പറയുന്നു. ബാൻഫ് നാഷണൽ പാർക്കിലും പരിസര പ്രദേശങ്ങളിലും 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.