എഡ്മിന്‍റൻ : സൗത്ത് എഡ്മിന്‍റനിലെ മിൽ വുഡ്‌സിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഹ്യൂസ് വേയിലെ 23 അവന്യൂവിലാണ് സംഭവം. നോർക്വസ്റ്റ് കോളേജ് വിദ്യാർത്ഥിനിയായ പഞ്ചാബ് സ്വദേശിനി സിമ്രൻപ്രീത് കൗർ (21) ആണ് മരിച്ചത്.

സിമ്രൻപ്രീത് കൗർ ക്രോസ്‌വാക്കിലൂടെ ഹ്യൂസ് വേ മുറിച്ചുകടക്കുമ്പോൾ 23 അവന്യൂവിൽ നിന്ന് എത്തിയ ഡോഡ്ജ് റാം 2500 പിക്കപ്പ് ട്രക്ക് ഇടിക്കുകയായിരുന്നുവെന്ന് എഡ്മിന്‍റൻ പൊലീസ് സർവീസ് പറയുന്നു. കൗർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു. അമിതവേഗവും ലഹരിയും അപകടത്തിന് കാരണമായതായി കരുതുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു. എഡ്മിന്‍റൻ മിൽ വുഡ്‌സ് കൺസർവേറ്റീവ് പാർട്ടി പാർലമെൻ്റ് അംഗം ടിം ഉപ്പൽ സിമ്രൻപ്രീത് കൗറിന്‍റെ നിര്യാണത്തിൽ അനുശോചനം അർപ്പിച്ചു.