ടൊറൻ്റോ : ഹാമിൽട്ടൺ നഗരത്തിൽ വീണ്ടും അഞ്ചാംപനി സ്ഥിരീകരിച്ചതായി ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് സർവീസസ് (HPHS) റിപ്പോർട്ട് ചെയ്തു. യാത്രയ്ക്കിടെ ഹാമിൽട്ടൺ സ്വദേശിയായ കുട്ടിക്ക് അഞ്ചാംപനി പിടിപെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. അഞ്ചാംപനി പടരുന്ന സാഹചര്യത്തിൽ വൈറസിൻ്റെ ലക്ഷണങ്ങൾ നിരീക്ഷിക്കാനും പൊതുജനങ്ങൾ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും HPHS നിർദ്ദേശിച്ചു. കുട്ടിയുമായി ബന്ധപ്പെട്ടവരെ അന്വേഷിക്കുകയാണെന്നും തിരിച്ചറിഞ്ഞ കോൺടാക്റ്റുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യ യൂണിറ്റ് അറിയിച്ചു.

അഞ്ചാംപനി ബാധിച്ച കുട്ടി എത്തിയ സ്ഥലങ്ങൾ ഹാമിൽട്ടൺ പബ്ലിക് ഹെൽത്ത് സർവീസസ് പുറത്തുവിട്ടിട്ടുണ്ട്. മാർച്ച് 5-ന് രാവിലെ 9:15 മുതൽ ഉച്ചവരെ ഹാമിൽട്ടൺ മെഡിക്കൽ സെൻ്റർ ആൻഡ് വാക്ക്-ഇൻ ക്ലിനിക്ക്, മാർച്ച് 5-ന് 3:30 മുതൽ 7:30 വരെ കോസ്റ്റ്‌കോ-സ്റ്റോണി ക്രീക്ക് വെയർഹൗസ്, മാർച്ച് 6 ന് വൈകുന്നേരം 6:40 മുതൽ രാത്രി 9 വരെ സ്റ്റോണി ക്രീക്ക് മെഡിക്കൽ വാക്ക്-ഇൻ ക്ലിനിക്, മാർച്ച് 6-ന് 7:53 മുതൽ രാത്രി 8:53 വരെ മക്മാസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെൻ്റ് എന്നിവിടങ്ങളിൽ കുട്ടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. അഞ്ചാംപനി രോഗലക്ഷണങ്ങൾ കാണുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് HPHS നിർദ്ദേശിച്ചു. എക്സ്പോഷർ കഴിഞ്ഞ് ഏഴ് മുതൽ 21 ദിവസങ്ങൾക്കുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങൾ കണ്ടുവരുന്നത്. പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്തവർക്കും മുമ്പ് അഞ്ചാംപനി ബാധിച്ചിട്ടില്ലാത്തവർക്കും രോഗം വളരെ വേഗം പടരുമെന്ന് HPHS അറിയിച്ചു. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ ആരോഗ്യസ്ഥിതിക്ക് കാരണമാകും.