ഓട്ടവ : ഒരു ദശാബ്ദത്തെ ഭരണത്തിന് വിട പറഞ്ഞ് ജസ്റ്റിൻ ട്രൂഡോ ഇന്ന് രാവിലെ ഗവർണർ ജനറൽ മേരി സൈമണെ സന്ദർശിച്ച് ഔദ്യോഗികമായി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഗവർണർ ജനറൽ മേരി സൈമണുമായി നടത്തിയ കൂടിക്കാഴ്ചയിൽ സർക്കാർ രൂപീകരിക്കാനും പുതിയ മന്ത്രിസഭയെ അവതരിപ്പിക്കാനും മാർക്ക് കാർണിയോട് ആവശ്യപ്പെടാൻ ശുപാർശ ചെയ്യുകയും ചെയ്തു. ജനുവരിയിൽ അദ്ദേഹം പ്രധാനമന്ത്രി പദവിയും ലിബറൽ നേത്രസ്ഥാനവും രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായി മാർക്ക് കാർണി രാവിലെ പതിനൊന്നിന് റീഡോ ഹാളിൽ സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് അദ്ദേഹം തൻ്റെ ആദ്യ മന്ത്രിസഭയെ അവതരിപ്പിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് നടക്കുന്ന പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗത്തിൽ മാർക്ക് കാർണി അധ്യക്ഷനാകും. അതേസമയം കാർണിയുടെ ടീം ട്രൂഡോയുടെ 37 അംഗ ടീമിനേക്കാൾ ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിലെ ചില മന്ത്രിമാർക്ക് അവരുടെ കാബിനറ്റ് സ്ഥാനങ്ങൾ നഷ്ടപ്പെടും. പൊതുസേവന, സംഭരണ മന്ത്രി ജോയ-യെവ് ഡുക്ലോ, ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ എന്നിവർ അവരിൽ ഉൾപ്പെടുന്നു.

എന്നാൽ, യുഎസ്-കാനഡ വ്യാപാരയുദ്ധത്തിൽ കാനഡയ്ക്കായി പൊരുതുന്ന മെലനി ജോളി, ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ, ഡൊമിനിക് ലെബ്ലാ, ഡേവിഡ് മക്ഗിൻ്റി എന്നിവർ കാർണിയുടെ മന്ത്രിസഭയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മന്ത്രി ഗാരി അനന്തസംഗരി നീതിന്യായ വകുപ്പിലേക്ക് മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ നീതിന്യായ മന്ത്രിയും അറ്റോർണി ജനറലുമായ ആരിഫ് വിരാനി അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.