കിച്ചനർ : സെൻ്റ് പാട്രിക്സ് ഡേ വാരാന്ത്യത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് വാട്ടർലൂ മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെൻ്റ് കാനഡ. ശനിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന ശക്തമായ മഴ ഞായറാഴ്ച രാത്രി വരെ തുടരും. മേഖലയിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴ റോഡുകളിൽ വെള്ളക്കെട്ടിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇടയാക്കും. പ്രാദേശിക ജലപാതകളിലെ ഉയർന്ന ഒഴുക്കും കനത്ത മഴയും ചേർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്നു. ഗ്രാൻഡ് വാലി, വാൾഡെമർ, ഡ്രെയ്ടൺ, വെസ്റ്റ് മോൺട്രോസ്, വില്ലേജ് ഓഫ് കോൺസ്റ്റോഗോ, ന്യൂ ഹാംബർഗ്, അയർ, ബ്രാൻ്റ്ഫോർഡ്, സിക്സ് നേഷൻസ്, കാലിഡോണിയ, കയുഗ, ഡൺവിൽ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.