ഓട്ടവ : ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഇന്ന് പുറത്തുവിടും. ഫെഡറൽ ഗവൺമെൻ്റിൻ്റെ താൽക്കാലിക നികുതി ഇളവ് ഫെബ്രുവരിയിൽ അവസാനിച്ചതിനാൽ പണപ്പെരുപ്പം ഉയരുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. രണ്ട് മാസത്തെ ജിഎസ്ടി അവധി ഡിസംബറിലും ജനുവരിയിലും പണപ്പെരുപ്പ നിരക്കിൽ ഇടിവിന് കാരണമായിരുന്നു. എന്നാൽ വിൽപന നികുതി മാസമധ്യത്തിൽ തിരിച്ചെത്തിയതിനാൽ പണപ്പെരുപ്പം വീണ്ടും ഉയരുമെന്നാണ് പ്രവചനം.

ജനുവരിയിലെ 1.9 ശതമാനത്തിൽ നിന്ന് വാർഷിക പണപ്പെരുപ്പ നിരക്ക് ഫെബ്രുവരിയിൽ 2.2 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. അമേരിക്കയുമായുള്ള താരിഫ് യുദ്ധത്തിൽ നിന്നുള്ള തിരിച്ചടി മയപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ബാങ്ക് ഓഫ് കാനഡ കഴിഞ്ഞയാഴ്ച പോളിസി നിരക്ക് കുറച്ചതിന് ശേഷമാണ് ഏറ്റവും പുതിയ പണപ്പെരുപ്പ കണക്കുകൾ വരുന്നത്.