ഓട്ടവ : കനേഡിയൻ പൗരന്മാർക്ക് സന്തോഷിക്കാം. കാർബൺ ടാക്സ് സസ്പെൻഷനെ തുടർന്ന് വരും ആഴ്ചകളിൽ രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇടിവ് ഉണ്ടാകുമെന്ന് പെട്രോളിയം അനലിസ്റ്റ് ഡാൻ മക്ടീഗ്. എന്നാൽ, വിലയിടിവ് അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കനേഡിയൻ പ്രധാനമന്ത്രി എന്ന നിലയിൽ തൻ്റെ ആദ്യ നീക്കത്തിൽ, വെള്ളിയാഴ്ച ഉപഭോക്തൃ കാർബൺ വില അവസാനിപ്പിക്കുന്നതിനുള്ള ഓർഡർ-ഇൻ-കൗൺസിൽ മാർക്ക് കാർണി ഒപ്പുവെച്ചിരുന്നു. ഇതോടെ മാർച്ച് 31-ന് ശേഷം എല്ലാത്തരം ഇന്ധനങ്ങൾക്കുമുള്ള ഇന്ധന ചാർജ് നിരക്ക് പൂജ്യമാകും. ഇത് അർത്ഥമാക്കുന്നത് പെട്രോൾ വില 25 സെൻ്റ് വരെ കുറയുമെന്നാണെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡൻ്റ് കൂടിയായ ഡാൻ മക്ടീഗ് പറയുന്നു.

കാർബൺ ടാക്സ് സസ്പെൻഷൻ ഒൻ്റാരിയോയിൽ പെട്രോൾ വില ഒരു ലിറ്ററിന് 20 സെൻ്റും ഡീസൽ വില ലിറ്ററിന് ഏകദേശം 25 സെൻ്റും കുറയുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, പ്രവിശ്യയെയും ജിഎസ്‌ടിയെയും ആശ്രയിച്ച് കാനഡയിലുടനീളം വിലയിടിവ് വ്യത്യസ്തമായിരിക്കുമെന്നും ഡാൻ മക്ടീഗ് ഓർമ്മിപ്പിക്കുന്നു.
അതേസമയം പെട്രോൾ വിലയിലെ ഇടിവ് താത്കാലികമായിരിക്കുമെന്ന് മക്‌ടീഗ് അഭിപ്രായപ്പെടുന്നു. അടുത്ത് തന്നെ ഫെഡറൽ തിരഞ്ഞെടുപ്പ് നടന്ന് ലിബറൽ പാർട്ടി വിജയിച്ചാൽ അവർ വ്യാവസായിക കാർബൺ നികുതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ റിഫൈനർമാർ ഒരു ലിറ്ററിന് 20 സെൻ്റ് വരെ കൂട്ടുമെന്ന് ഡാൻ മക്ടീഗ് പറയുന്നു. ഇതോടെ വിപണിയിൽ വീണ്ടും ഇന്ധനവില ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.