എഡ്മിന്‍റൻ : തെക്കൻ ആൽബർട്ടയിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി പ്രവിശ്യാ ആരോഗ്യ അതോറിറ്റി അറിയിച്ചു. ആൽബർട്ട ടാബർ ഏരിയയിൽ എത്തിയ ആൾക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഇയാൾ പല തീയതികളിലും സമയങ്ങളിലും മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടായേക്കാവുന്ന ഒന്നിലധികം സ്ഥലങ്ങളിൽ എത്തിയതായി ആൽബർട്ട ഹെൽത്ത് സർവീസസ് റിപ്പോർട്ട് ചെയ്തു.

എക്സ്പോഷർ സാധ്യതയുള്ള സ്ഥലങ്ങളും തീയതികളും സമയങ്ങളും :
- മാർച്ച് 8 രാത്രി 9:12-ന് ഫ്ലെയർ എയർലൈൻസിൻ്റെ F8629 ഫ്ലൈറ്റിൽ ടൊറൻ്റോ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിൽ എത്തി
- മാർച്ച് 8-ന് രാത്രി 11:55-നും മാർച്ച് 9-ന് പുലർച്ചെ 2-നും ഇടയിൽ കാൽഗറി ഇൻ്റർനാഷണൽ എയർപോർട്ടിലെ YYC ബഡ്ജറ്റ് കാർ, ട്രക്ക് വാടകയ്ക്ക് എടുക്കുന്ന സ്ഥലം
- മാർച്ച് 11-ന് വൈകിട്ട് അഞ്ചരയ്ക്ക് ടാബർ ഹെൽത്ത് സെൻ്റർ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ്
- മാർച്ച് 11-ന് വൈകിട്ട് 6.15 മുതൽ രാത്രി ഒമ്പത് മണി വരെ ടാബർ ഷോപ്പേഴ്‌സ് ഡ്രഗ് മാർട്ട്
- മാർച്ച് 12-ന് 10:15-നും മാർച്ച് 13-ന് രാവിലെ 10.50-നും ഇടയിൽ ടാബർ ഹെൽത്ത് സെൻ്റർ അത്യാഹിത വിഭാഗം
1970-നോ അതിനുശേഷമോ ജനിച്ചവരും വാക്സിൻ സ്വീകരിക്കാത്തവർക്കും മുകളിൽ കൊടുത്തിരിക്കുന്ന സ്ഥലങ്ങളിലോ സമയത്തോ എത്തിയവർക്ക് അഞ്ചാംപനി വരാനുള്ള സാധ്യത ഉണ്ടെന്ന് പ്രവിശ്യാ ആരോഗ്യ അതോറിറ്റി അറിയിച്ചു.

ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.