ടൊറൻ്റോ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയെ നേരിടാൻ തൻ്റെ മന്ത്രിസഭയിൽ പ്രത്യേക മന്ത്രിസ്ഥാനം ഉണ്ടായിരിക്കില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡ്. ബുധനാഴ്ച ക്വീൻസ് പാർക്കിൽ തൻ്റെ പുതിയ മന്ത്രിസഭയെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഫോർഡ്. കൂടാതെ തൻ്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കൂട്ടില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ 37 ആയി തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

അതേസമയം ആർക്കൊക്കെ ഏതൊക്കെ വകുപ്പ് നൽകുമെന്നോ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം ഉണ്ടാകുമോ എന്നൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. റോയൽ ഒൻ്റാരിയോ മ്യൂസിയത്തിൽ (ROM) ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഫോർഡിൻ്റെ മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 27-ന് നടന്ന 44-ാമത് പ്രവിശ്യ തിരഞ്ഞെടുപ്പിൽ ഫോർഡിൻ്റെ പിസി പാർട്ടി 80 സീറ്റുകൾ പിടിച്ചെടുത്താണ് മൂന്നാം തവണയും അധികാരത്തിലെത്തിയത്. 27 സീറ്റുകൾ നേടിയ എൻഡിപിയാണ് ഔദ്യോഗിക പ്രതിപക്ഷം. ലീഡർ ബോണി ക്രോംബി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അഞ്ച് സീറ്റുകൾ കൂടുതൽ നേടി 14 സീറ്റുകളുമായി ഔദ്യോഗിക പാർട്ടി എന്ന ലേബലിൽ ലിബറൽ പാർട്ടി ക്വീൻസ് പാർക്കിലേക്ക് മടങ്ങി എത്തി.