ഓട്ടവ : അലർജിക്ക് സാധ്യതയുള്ളതിനാൽ ഹബീബി മെഡിറ്ററേനിയൻ ബ്രാൻഡ് ഹമ്മൂസ് (ലെബനീസ് സ്റ്റൈൽ) തിരിച്ചു വിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. ഈ ഉൽപ്പന്നത്തിൽ നിലക്കടല അടങ്ങിയിട്ടുണ്ടെന്നും എന്നാൽ അത് പാക്കറ്റിൽ ചേരുവകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഏജൻസി അറിയിച്ചു. അലർജിക്ക് സാധ്യത ഉള്ളവർ തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും അവ ഗുരുതരമായതോ ജീവന് ഭീഷണിയോ ആയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും CFIA-യുടെ അറിയിപ്പിൽ പറയുന്നു.

450 ഗ്രാം പാക്കറ്റിൽ വിറ്റഴിച്ച ഇവ ഭക്ഷ്യസുരക്ഷാ ഏജൻസിയുടെ അന്വേഷണത്തെ തുടർന്നാണ് തിരിച്ചുവിളിച്ചത്. ബുധനാഴ്ച വരെ, ഈ ഉൽപ്പന്നവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിട്ടുണ്ടെന്നും ഏജൻസി പറയുന്നു. ഉപഭോക്താക്കൾക്ക് ഹബീബി ബ്രാൻഡ് ഹമ്മൂസ് ഉപയോഗിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ വേണം. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട ഉൾപ്പെടെ മറ്റ് പ്രവിശ്യകളിലും പ്രദേശങ്ങളിലും ഹബീബി ബ്രാൻഡ് ഹമ്മൂസ് വിതരണം ചെയ്തിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.