ഫ്രെഡറിക്ടൺ : ഇലക്ട്രിക് വെഹിക്കിൾ ഇൻസെൻ്റീവ് പ്രോഗ്രാം ജൂലൈ 1-ന് അവസാനിപ്പിക്കുമെന്ന് ന്യൂബ്രൺസ്വിക് സർക്കാർ. ഇലക്ട്രിക് വാഹന റിബേറ്റ് പ്രോഗ്രാം താൽക്കാലികമായി നിർത്തുമെന്ന ഫെഡറൽ ഗവൺമെൻ്റ് പ്രഖ്യാപനത്തെ തുടർന്നാണ് നടപടിയെന്ന് പ്രവിശ്യാ ട്രഷറി ബോർഡ് മന്ത്രി റെനെ ലെഗസി അറിയിച്ചു.

ഇൻസെൻ്റീവ് പ്രോഗ്രാം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജനങ്ങളെ സഹായിച്ചെങ്കിലും പ്രവിശ്യ ഫെഡറൽ സർക്കാരിനൊപ്പമാണെന്ന് മന്ത്രി പറഞ്ഞു. ന്യൂബ്രൺസ്വിക് നിവാസികൾക്ക് റിബേറ്റ് പ്രോഗ്രാം പ്രയോജനപ്പെടുത്താൻ ജൂൺ 30 വരെ സമയമുണ്ടെന്നും ഈ തീയതിക്ക് അകം ഇലക്ട്രിക് വാഹനം വാങ്ങിയാൽ എൻബി പവർ വഴി റിബേറ്റിനായി അപേക്ഷിക്കാമെന്നും റെനെ ലെഗസി പറയുന്നു. ഇലക്ട്രിക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ന്യൂബ്രൺസ്വിക്കിൽ ഏകദേശം 7,000 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലുണ്ട്. വില കുറയുന്നതോടെ ഇവയുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.